X

കെ.റെയില്‍: സി.പി.ഐക്ക് മൗനം

ഫിര്‍ദൗസ് കായല്‍പ്പുറം
തിരുവനന്തപുരം

തിരുവനന്തപുരം: കെ റെയില്‍ പദ്ധതി വേണ്ടെന്നും ജീവിക്കാന്‍ അനുവദിച്ചാല്‍ മതിയെന്നും പ്രഖ്യാപിച്ച് കേരളമാകെ പ്രതിഷേധിക്കുമ്പോള്‍ ജനത്തെ പരിഹസിച്ചും ഭീഷണിപ്പെടുത്തിയും സി.പി.എം നേതാക്കള്‍. അതേസമയം ജനത്തെ പൊലീസ് തെരുവില്‍ തല്ലിച്ചതക്കുന്നത് കണ്ടുനില്‍ക്കാന്‍ വയ്യാത്ത അവസ്ഥയിലാണ് സി.പി.ഐ. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ പോലും സി.പി.ഐയുടെ പ്രമുഖ നേതാക്കള്‍ തയാറായിട്ടില്ല. സമരങ്ങള്‍ ശക്തമാകുന്നതിനിടെ പദ്ധതിയെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് റവന്യുമന്ത്രി കെ രാജന്‍ ഒഴിഞ്ഞുമാറി. സര്‍ക്കാരിന്റെയോ പാര്‍ട്ടിയുടെയോ അഭിപ്രായം ഈ ഘട്ടത്തില്‍ പറയുന്നില്ലെന്നും പറയേണ്ട സമയത്ത് പറയുമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

ആദ്യം പദ്ധതിക്കെതിരായ നിലപാട് സ്വീകരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, പിന്നീട് സി.പി.എം നിലപാടിനൊപ്പമെത്തിയതില്‍ പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ അസ്വസ്ഥരാണ്. അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബുവും പന്ന്യന്‍ രവീന്ദ്രന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളും ജനത്തെ തെരുവിലിട്ട് തല്ലിച്ചതക്കുന്നതിനോട് യോജിക്കുന്നില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടി വ്യക്തമായ നിലപാട് സ്വീകരിക്കണമെന്ന ആവശ്യം ഇവര്‍ കാനത്തെ അറിയിച്ചിട്ടുണ്ട്. പദ്ധതി നടപ്പിലാക്കുന്നതിനോട് സി.പി.ഐക്ക് എതിര്‍പ്പില്ല. എന്നാലത് മുഴുവന്‍ ജനത്തെയും സര്‍ക്കാരിന് എതിരാക്കിക്കൊണ്ട് ആകരുതെന്ന വികാരമാണ് സി.പി.ഐ പ്രകടിപ്പിക്കുന്നത്. എല്‍.ഡി.എഫില്‍ ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച ഇനിയും നടന്നിട്ടില്ലെന്നിരിക്കെ സി.പി.ഐ നേതാക്കളില്‍ നിന്ന് വരുംദിവസങ്ങളില്‍ പരസ്യപ്രതികരണത്തിന് സാധ്യതയുണ്ടെന്നാണ് സൂചന.

പദ്ധതിയുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ പോക്കില്‍ എതിര്‍പ്പുണ്ടായിട്ടും പ്രകടിപ്പിക്കാനാകാത്ത പിരിമുറുക്കത്തില്‍ മുന്നണിയിലെ രണ്ടാംകക്ഷിയായ സി.പി.ഐ. കെ റെയില്‍ സമരത്തില്‍ എല്‍.ഡി.എഫ് രണ്ടുതട്ടിലെന്ന് വ്യക്തമാക്കുന്നതാണ് നേതാക്കളുടെ നിലപാടുകള്‍.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പരിഹാസവുമായി മുന്നിലുള്ളത്. കെ റെയിലിന്റെ പേരില്‍ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്നും അതിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും കോടിയേരി പറഞ്ഞു. സമരത്തിനെതിരെ മുന്‍ മന്ത്രി എകെ ബാലനും രംഗത്തെത്തി. ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക എന്നിട്ട് അതിനെ തല്ലിക്കൊല്ലാന്‍ ആഹ്വാനം ചെയ്യുക എന്നതാണ് യു.ഡി.എഫിന്റെ സമീപനമെന്ന് അദ്ദേഹം വിമര്‍ശിച്ചു. സമരത്തിന് പിന്നില്‍ വിവരദോഷികളെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. തെക്കുംവടക്കുമില്ലാത്ത വിവരദോഷികളാണ് സമരത്തിന് പിന്നിലെന്നാണ് അദ്ദേഹം പരിഹസിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയും ജയരാജന്‍ പ്രതികരിച്ചു. പ്രതിഷേധക്കാരെ വിമര്‍ശനമുന്നയിച്ച ഇ.പി ജയരാജനും സജി ചെറിയാനും രൂക്ഷമായ ഭാഷയില്‍ തിരിച്ചടി നല്‍കിയത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ്. പിണറായിയുടെ രാജസദസ്സിലെ വിദൂഷകന്‍മാരാണ് സജി ചെറിയാനും ഇപി ജയരാജനുമെന്നും സമരം ചെയ്യുന്നവരെ അധിക്ഷേപിക്കുന്നത് അധികാര ലഹരി മൂലമാണെന്നും സതീശന്‍ പറഞ്ഞു.

Test User: