കേരളത്തിലെ ജനങ്ങളുടെ നേര്‍ക്ക് അപ്രഖ്യാപിത യുദ്ധമാണ് പിണറായി വിജയന്‍ സില്‍വര്‍ ലൈന്‍ പദ്ധതിയിലൂടെ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ റഷ്യ ഉക്രെയിന്‍ യുദ്ധം പോലെ ഭീകരമായ അന്തരീക്ഷമാണ് പിണറായി വിജയനും സര്‍ക്കാരും നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി കമ്യൂണിസ്‌ററ് ഭീകരതയുടെയും അതിക്രമത്തിന്റെയും ഉദാഹരണം ആണ്. കാക്കി വേഷം കൊണ്ട് മാത്രം പോലീസ് ആയ മാര്‍ക്‌സിസ്റ്റ് ഗുണ്ടകളായി പ്രവര്‍ത്തിക്കുന്ന പോലീസുകാരും, കെ റെയില്‍ ഉദ്യോഗസ്ഥരും പാവപ്പെട്ടവരുടെ വീടുകളും കിടപ്പാടങ്ങളും കയ്യേറി അടുക്കളകളില്‍ പോലും സര്‍വ്വേ കല്ലിട്ടും, കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും കിടപ്പു രോഗികളെയും, പുരോഹിതരെയും പോലും ആക്രമിച്ചുകൊണ്ടും, സില്‍വര്‍ ലൈന്‍ എന്ന ടൈം ബോംബ് കേരളത്തിനുമേല്‍ സ്ഥാപിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അമ്പലങ്ങള്‍, പള്ളികള്‍, ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും, പാവപ്പെട്ടവര്‍ തങ്ങളുടെ ജീവിതം ഹോമിച്ചുണ്ടാക്കിയ വീടുകളും വരെ തട്ടിയെടുക്കാന്‍ സിപിഎം ഗുണ്ടകളെ കെ റെയില്‍ കിങ്കരന്മാരായി അഴിച്ചു വിട്ടിരിക്കയാണെന്നും പറഞ്ഞു. പൊതുജനത്തിന് മേല്‍ ഒരു ലക്ഷം കോടി രൂപയിലധികം രൂപയുടെ കടബാധ്യത കെട്ടിവെക്കാനായിട്ടുള്ള ഈ പദ്ധതിയുടെ ഡി പി ആര്‍ വെറും തട്ടിപ്പാണെന്നും അറുപത്തിമൂവായിരം കോടി രൂപയുടെ ഡി പി ആര്‍ കൊണ്ട് നാല് പാലം പോലും പണിയാന്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കഴിയില്ലെന്നും പറഞ്ഞു.
നീതി ആയോഗ്, റെയില്‍വേ, കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടെ ഉത്തരവാദിത്വപ്പെട്ട ഒരു ഏജന്‍സിയുടെയും അംഗീകാരം ലഭിക്കാത്ത സില്‍വര്‍ ലൈന്‍ പദ്ധതിക്കായി പൊലീസിലെ സിപിഎം ഗുണ്ടകളെ ജനങ്ങളുടെ നേരെ അഴിച്ചു വിടുകയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഒഴിപ്പിക്കേണ്ടവരുടെ വീടുകളിലേക്ക് കെ റെയില്‍ , പോലീസ് സംഘങ്ങള്‍ ചെല്ലുന്നത് ഹിറ്റ്‌ലറുടെ കാലത്ത് നാസികള്‍ ജൂതന്മാരെ തേടി അവരുടെ വീടുകളിലേക്ക് ഇരച്ചുകയറുന്നത് പോലെയാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
കേരളത്തില്‍ ഇന്ന് നടക്കുന്നത് നന്ദിഗ്രാമിലെ പോലെയുള്ള ഭരണകൂട ഭീകരത കൂടിയാണെന്നും ചൂണ്ടിക്കാട്ടി. യാതൊരു രീതിയിലുള്ള അനുമതിയും കേന്ദ്ര സര്‍ക്കാരോ റെയില്‍വേ വകുപ്പോ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് നല്‍കരുതെന്നും വിദേശ ഏജന്‍സികളില്‍ നിന്നും കടം എടുക്കാനുള്ള അനുവാദവും നല്‍കരുതെന്നും ആവശ്യപ്പെട്ടു.