കെ റെയിൽ ഒരിക്കലും നടക്കില്ലെന്നും നടപ്പാക്കാൻ സമ്മതിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒരു കാരണവശാലും കേരളത്തിൽ നടപ്പാനാകാത്ത പദ്ധതിയാണത്. കേന്ദ്രസർക്കാർ സമ്മതിച്ചാലും കെ റെയിൽ നടപ്പാക്കാൻ ഞങ്ങൾ സമ്മതിക്കില്ല. അപ്രായോഗികമായ പദ്ധതിയാണ് അത്. ഉച്ചഭക്ഷണം കൊടുക്കാൻ പണമില്ലാത്ത സർക്കാരാണ് കെ റെയിൽ ഉണ്ടാക്കാൻ പോകുന്നത്. ഇന്ത്യയിൽ ഒരു സംസ്ഥാനത്തിനും ഇല്ലാത്ത ബാധ്യതയാണ് കേരളത്തിന്. കമ്മീഷന് വേണ്ടി മാത്രമുള്ള പദ്ധതിയാണ് കെ റെയിലെന്നും അദ്ദേഹം വിമർശിച്ചു.
പ്രധാനമന്ത്രി വിളിച്ച സദസ്സിൽ ക്രൈസ്തവ നേതാക്കൾ പോയത് തെറ്റല്ല. അതിനു പോയവരെ കളിയാക്കുകയും പരിഹസിക്കുകയും അല്ല വേണ്ടത്. മുഖ്യമന്ത്രിയുടെ അറിവോടുകൂടി മര്യാദയ്ക്ക് ജീവിക്കുന്ന ആൾക്കാരെയാണ് സജി ചെറിയാൻ അപമാനിക്കുന്നത്. പ്രധാനമന്ത്രിയുടെ പരിപാടിയിൽ പോയതിൽ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ അത് ഭംഗിയായി പ്രകടിപ്പിക്കാം. രാഷ്ട്രീയത്തോട് ആളുകൾക്ക് വെറുപ്പ് തോന്നുന്നത് ഇതൊക്കെ കൊണ്ടാണ്.
വി എം സുധീരന്റെ പരാമർശം ശെരിയല്ല. നേതാക്കന്മാർക്കിടയിലെ അഭിപ്രായവ്യത്യാസം പാർട്ടിക്കുള്ളിൽ ആണ് ചർച്ച ചെയ്യേണ്ടത്. പാർട്ടി പ്രവർത്തകരെ വേദനിക്കുന്ന ഒരു പരാമർശവും താൻ നടത്തില്ല. താനും കൂടി അത് പറഞ്ഞാൽ പാർട്ടി പ്രവർത്തകർക്ക് വിഷമമുണ്ടാകും. ജാതി സംവരണത്തിൽ അഭിപ്രായം പറയാൻ എൻഎസ്എസിന് അവകാശമുണ്ടെന്നും അവർക്ക് അതിന്റേതായ ന്യായങ്ങൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.