X

കെ റെയില്‍; ഇന്നും വ്യാപക പ്രതിഷേധം: മലപ്പുറത്ത് സര്‍വ്വേ മാറ്റിവെച്ചു

സംസ്ഥാനത്ത് കെ റെയില്‍ സര്‍വ്വേ കല്ലുകള്‍ സ്ഥാപിക്കുന്നതിനെതിരെ ഇന്നും വ്യാപക പ്രതിഷേധം. എറണാകുളം ചോറ്റാനിക്കരയിലും കോഴിക്കോട് കല്ലായിലും, മലപ്പുറം തിരുനാവായയിലും കോട്ടയത്തുമടക്കം സംസ്ഥാനത്തുടനീളം പ്രതിഷേധം ശക്തമാവുകയാണ്.

എറണാകുളം ചോറ്റാനിക്കരയില്‍ കഴിഞ്ഞദിവസം അധികൃതര്‍ വെച്ചിട്ടു പോയ സര്‍വേ കല്ലുകള്‍ നാട്ടുകാര്‍ അടര്‍ത്തി മാറ്റിയിരുന്നു. എന്നാല്‍ സര്‍വേ കല്ലുകള്‍ പാകുന്ന പണി പുനരാരംഭിക്കും എന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത് എന്നാല്‍ ഇതിനെതിരെ പ്രതിഷേധം ശക്തമാണ്.

കോഴിക്കോട് കല്ലായിലും പ്രതിഷേധം ശക്തം. പാവപ്പെട്ടവന്റെ പറമ്പില്‍ മാത്രമല്ല റോഡിലും കുറ്റി അടിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. മറ്റുള്ളവരുടെ സ്വകാര്യസ്വത്തില്‍ കുറ്റിയടിക്കാമെങ്കില്‍ സര്‍ക്കാര്‍ ഭൂമിയിലും റോഡിലും അടക്കം കുറ്റി അടിക്കണം എന്നാണ് സമരക്കാരുടെ ആവശ്യം. നിലവില്‍ റോഡുകളില്‍ പെയിന്റ് ചെയ്യുന്ന സംവിധാനമാണ് അധികൃതര്‍ സ്വീകരിക്കുന്നത്. ഇതിനെതിരെ ഇവിടെയും പ്രതിഷേധം ശക്തമാണ്.

മലപ്പുറം തിരുനാവായില്‍ സര്‍വേക്ക് എത്തിയ അധികൃതര്‍ക്കെതിരെ നാട്ടുകാരുടെ വന്‍ പ്രതിഷേധം. പ്രതിഷേധം കണക്കിലെടുത്ത് തിരുനാവായിലെ സര്‍വ്വേ മാറ്റിവെച്ചിട്ടുണ്ട്. കോട്ടയം കുഴിയാലി പടിയിലും നാട്ടശ്ശേരിയിലും ജനകീയ പ്രതിഷേധം നടക്കുകയാണ്. ഇങ്ങനെ സംസ്ഥാനത്തുടനീളം കെ റെയിലിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

അതേസമയം പ്രതിഷേധങ്ങളെ സൗമ്യത്തോടെ നേരിടണമെന്ന് ഡിജിപി അനില്‍ കാന്ത്. പോലീസിന്റെ ഭാഗത്തുനിന്നും പ്രകോപനം ഉണ്ടാകരുത്. സഭ്യമായ രീതിയില്‍ സൗമ്യതയോടെ പെരുമാറണം ഡിജിപി പോലീസിന് നിര്‍ദ്ദേശം നല്‍കി.

അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് വിഡി സതീശന്‍ വ്യക്തമാക്കി.സമരത്തിനിറങ്ങുന്ന സാധാരണക്കാരെ ജയിലില്‍ അടയ്ക്കുമെന്ന സര്‍ക്കാരിന്റെ ഭീഷണി വിലപ്പോകില്ല. യുഡിഎഫ് നേതാക്കള്‍ നേരിട്ടിറങ്ങി കല്ലുകള്‍ പിഴുതെറിയും. കേസില്‍ പ്രതികളായി യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും ജയിലില്‍ പോകും. പാവപ്പെട്ടവരെ ജയിലില്‍ അടയ്ക്കുമെന്ന് മുഖ്യമന്ത്രിയോ പാര്‍ട്ടിയോ തീരുമാനിച്ചാല്‍, അത് നടക്കില്ല പ്രതിപക്ഷ നേതാവ് പറഞ്ഞു.

Test User: