X

കെ റെയില്‍;പാതയില്‍ വളവുകളും കയറ്റിറക്കങ്ങളും

ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍ക്കാര്‍ പുറത്തുവിട്ട വിശദ പദ്ധതി രേഖ (ഡിപിആര്‍) പിഴവുകള്‍ നിറഞ്ഞതെന്ന് പദ്ധതിയെക്കുറിച്ച് സാധ്യതാ പഠനം നടത്തിയ ‘സിസ്ത്ര എംവിഐ’യുടെ തലവന്‍ അലോക് വര്‍മ്മ. പദ്ധതിയുടെ അലൈന്‍മെന്റിന്റെ 20 ശതമാനം മാത്രമാണ് ഡിപിആറില്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്. ആകെ 120 കിലോമീറ്റര്‍ അലൈന്‍മെന്റ് മാത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. കോട്ടയത്തിന് ശേഷമുള്ള പാതയെക്കുറിച്ച് ഒരു വിവരവും ഡി.പി.ആറിലില്ലെന്നും അദ്ദേഹം പറഞ്ഞു.

നിര്‍ദ്ദിഷ്ട പാതയുടെ 30 ശതമാനവും വളവുകള്‍ നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. 200 ഇടത്ത് പാതയില്‍ കയറ്റിറക്കങ്ങളുണ്ട്. ഇത്തരം പാതയില്‍ ട്രെയിന്‍ ഓടിച്ചാല്‍ കോച്ചുകള്‍ ആടിയുലയും. നിര്‍ദ്ദിഷ്ട പാതയില്‍ 120 കിലോമീറ്റര്‍ സ്പീഡില്‍ കൂടുതല്‍ ഓടിക്കാന്‍ പറ്റില്ല. ഇത് സെമി ഹൈ സ്പീഡല്ല, അമ്യൂണ്‍സ്മെന്റ് പാര്‍ക്കിലെ റോളര്‍ കോസ്റ്റര്‍ റൈഡ് പോലെയാവും. തിരുവനന്തപുരത്ത് നിന്നുള്ള 120 കിലോമീറ്റര്‍ അലൈന്‍മെന്റ് മാത്രമാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

കോട്ടയത്തിന് ശേഷമുള്ള വിവരങ്ങള്‍ നല്‍കിയിട്ടില്ല. വളവുകളുടെ വിവരങ്ങള്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്. അലൈന്‍മെന്റ് നല്‍കിയിട്ടില്ല. എല്ലാ രണ്ട് കിലോമീറ്ററിലും കുത്തനെയുള്ള വളവുകളുണ്ട്. വളഞ്ഞുപുളഞ്ഞാണ് പാത. പാതയില്‍ രണ്ട് വലിയ ടണലുകളുള്‍പ്പെടെ 120 ടണലുകളുണ്ട്. കോഴിക്കോട് ഭൂഗര്‍ഭ സ്റ്റേഷനാണ്. അവിടെ 3.5 കിലോമീറ്റര്‍ നീളത്തിലും കണ്ണൂരിന് സമീപം രണ്ട് കിലോമീറ്ററിനടുത്ത് ദൂരമുള്ള ടണലുമുണ്ട്. തൃശ്ശൂരില്‍ നിലവിലുള്ള റെയില്‍വേ ലൈന്‍ പൂര്‍ണമായും മാറ്റേണ്ടിവരും. അതിനൊപ്പം മൂന്നും നാലും പാതകള്‍ വരുമെന്ന് റെയില്‍വേയും പറയുന്നു. റെയില്‍വേ സ്റ്റേഷനും പാതകളും മാറ്റിയ ശേഷമുള്ള സ്ഥലത്ത് ആകാശപാതയാണ് നിര്‍മിക്കുക. ഏതെങ്കിലും ഭൂസര്‍വേ സര്‍വേ നടത്തിയിട്ടില്ലെന്നതിന് തെളിവാണിതെല്ലാമെന്നും അലോക് വര്‍മ്മ പറഞ്ഞു. തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെ നിലവിലുള്ള റെയില്‍വേ പാതക്ക് സമന്തരമാണ് ഈപാത പോകുന്നത്. പാതയില്‍ 80 റെയില്‍വേ മേല്‍പ്പാലങ്ങള്‍ ഉയര്‍ത്തി കെട്ടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

 

Test User: