സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിതണ്ഡ വാദങ്ങള്‍ ഉന്നയിച്ചും പഴയ ന്യായീകരണ പല്ലവികള്‍ ആവര്‍ത്തിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍.പദ്ധതിക്കെതിരെ പ്രതിപക്ഷവും പൊതുജനങ്ങളും പ്രത്യേകിച്ച് ഇതിന്റെ ഭാഗമായി കുടിയൊഴിയേണ്ടവര്‍ ഉയര്‍ത്തിയ ആശങ്കകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും തൃപ്തികരമായ വിശദീകരണം നല്‍കാതെ വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും സര്‍ക്കാര്‍ നേടിയ പുരോഗതിയെ ഉയര്‍ത്തിക്കാട്ടി കെ റെയിലിനെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. പശ്ചാത്തല സൗകര്യ വികസനം ഒരുക്കുന്നതിലും സമാനമായ പുരോഗതി വേണമെന്നും ഇതിന്റെ ഭാഗമായാണ് സില്‍വര്‍ ലൈന്‍ പദ്ധതി കൊണ്ടുവന്നിരിക്കുന്നതെന്നും പറഞ്ഞ മുഖ്യമന്ത്രി പ്രതിപക്ഷം ഉള്‍പ്പെടെ ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന പ്രധാന ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ തയ്യാറായില്ല.
2018ല്‍ പദ്ധതിയുടെ തുടക്കത്തില്‍ നിയമസഭയില്‍ ഇത് ഉന്നയിച്ചിരുന്നു എന്നാണ് ഇതേക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്. പദ്ധതിയുടെ തുടക്കത്തില്‍ ഇതുമായി ബന്ധപ്പെട്ട് ആദ്യം ചര്‍ച്ച നടത്തിയത് എം.എല്‍.എമാരുമായിട്ടാണ്. 2018 ല്‍ പ്രതിപക്ഷം സബ്മിഷനും കൊണ്ടുവന്നിരുന്നു. പ്രധാന എം.എല്‍.എമാരും യു.ഡി.എഫ് നേതാക്കളും ഇത് സംബന്ധിച്ച് സംശയം ഉയര്‍ത്തുകയും അതിനു മറുപടി നല്‍കുകയും ചെയ്തിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പദ്ധതി ചൂടുപിടിച്ച ഈ സര്‍ക്കാരിന്റെ കാലത്ത് നിയമസഭയില്‍ ചര്‍ച്ചയാകാമായിരുന്നില്ലേ എന്ന പ്രതിപക്ഷത്തിന്റെ ന്യായമായ ആവശ്യത്തിനാണ് മുഖ്യമന്ത്രി 2018ല്‍ വിഷയം ചര്‍ച്ച ചെയ്‌തെന്ന്് പറഞ്ഞ് ഒഴിഞ്ഞു മാറിയത്.
ഒന്നര മണിക്കൂറിലേറെ നീണ്ട വിശദീകരണ പ്രസംഗത്തില്‍ പകുതിയിലധികം സമയവും ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയും കൂടംകുളം പദ്ധതിയില്‍ നിന്ന് വൈദ്യുതി എത്തിച്ചതും റബര്‍ മരങ്ങള്‍ വെട്ടി മാറ്റിയതുമടക്കമുള്ള അവകാശ വാദങ്ങളായിരുന്നു. 2016 ല്‍ താന്‍ മുഖ്യമന്ത്രിയായ ഉടന്‍ ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചപ്പോള്‍ ഗെയില്‍ പദ്ധതി നടപ്പാക്കാത്തതിനെക്കുറിച്ച് ആണ് അദ്ദേഹം ആക്ഷേപം ഉന്നയിച്ചതെന്ന് പിണറായി വിജയന്‍ പറഞ്ഞു. പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കാമെന്ന് പ്രധാനമന്ത്രിക്ക് ഉറപ്പു നല്‍കി എന്നും ഇത് നടപ്പാക്കി കാണിച്ചുകൊടുത്തു എന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടംകുളത്തു നിന്ന് വൈദ്യുതി ലൈന്‍ സാധ്യമാക്കി കഴിഞ്ഞപ്പോള്‍ പവര്‍ഗ്രിഡ് കോര്‍പറേഷന് പോലും ആശ്ചര്യമായിരുന്നു. ദേശീയപാത വികസനവും കടുത്ത എതിര്‍പ്പുകളെ മറികടന്നാണ് നടപ്പാക്കിയത്.കേരളത്തില്‍ വ്യവസായം തുടങ്ങുക എന്ന ലക്ഷ്യത്തോടെ ഒരാള്‍ വിമാനത്താവളത്തിലെത്തി പുറത്തേക്കിറങ്ങിയാല്‍ മണിക്കൂറുകള്‍ റോഡില്‍ ബ്ലോക്കില്‍ കിടക്കേണ്ട ഗതികേടാണ് ഇപ്പോഴുള്ളത്. വ്യവസായം തുടങ്ങാന്‍ വന്നയാള്‍ ആദ്യദിവസം തന്നെ മടങ്ങും എന്നതില്‍ സംശയമില്ല.ഈ സാഹചര്യത്തിലാണ് പശ്ചാത്തല സൗകര്യ വികസനം സാധ്യമാക്കുന്നതിന്റെ ഭാഗമായി കെ റെയില്‍ പദ്ധതി കൊണ്ടുവന്നിരിക്കുന്നത്.നാടിന് ആവശ്യമായ കാര്യങ്ങളും സൗകര്യങ്ങളും ഒരുക്കുക എന്നത് സര്‍ക്കാരിന്റെ ബാധ്യതയാണ്. നാടിനുവേണ്ടി പദ്ധതി നടപ്പാക്കുമ്പോള്‍ ജനങ്ങള്‍ക്ക് കുറച്ചൊക്കെ ബുദ്ധിമുട്ടുണ്ടാകും. ജനങ്ങളുടെ ബുദ്ധിമുട്ടിന്റെ പേരില്‍ പദ്ധതിക്കെതിരെ പിടിവാശിയുമായി വന്നാല്‍ അത് അനുവദിച്ചു കൊടുക്കുന്ന പ്രശ്‌നമില്ല. ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് ഈ പദ്ധതി നടപ്പാക്കുക എന്നാണ് പദ്ധതിയെ എതിര്‍ക്കുന്നവരോട് ചോദിക്കാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതി പരിസ്ഥിതി സൗഹൃദവും സാമൂഹ്യ ആഘാതം ഏറ്റവും കുറച്ചുണ്ടാക്കുന്നതുമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വ്യവസായി മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു.
‘അയ്യോ അച്ഛാ പോകല്ലേ’
ലൈനില്‍ ചോദ്യവും ഉത്തരവും
കൊച്ചി: മുഖ്യമന്ത്രി കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത സില്‍വര്‍ ലൈന്‍ വിശദീകരണ പരിപാടി പ്രഹസനമായി. ജനസമക്ഷം സില്‍വര്‍ലൈന്‍ എന്ന് പേരിട്ടു സര്‍ക്കാര്‍ നടത്തിയ വിശദീകരണ പരിപാടിയും ഇതിന്റെ ഭാഗമായുള്ള ചോദ്യോത്തരവും ശ്രീനിവാസന്‍ സിനിമയിലെ അയ്യോ അച്ഛാ പോകല്ലേ എന്ന ലൈനിലേക്ക് മാറിയതോടെ കേരളം കണ്ട ഏറ്റവും വലിയ പദ്ധതിയെക്കുറിച്ചുള്ള ദുരൂഹതയും സംശയങ്ങളും കൂടുതല്‍ വര്‍ധിക്കുകയും ചെയ്തു.
പൗര പ്രമുഖരുടെ യോഗമാണെന്നും ജനങ്ങളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി പറയുമെന്നും പ്രഖ്യാപിച്ചിരുന്നെങ്കിലും നേരത്തെ തിരഞ്ഞെടുത്തവര്‍ക്ക് മാത്രമാണ് അവസരമുണ്ടായത്. ഇവരാകട്ടെ ക്ലാസെടുത്ത് പഠിപ്പിച്ച തരത്തിലാണ് ചോദ്യവും മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി രംഗത്തുവന്നത്. കേരളത്തിന്റെ ഭാവിയെ ഗുരുതരമായി ബാധിക്കുന്ന ഒരു പദ്ധതിയുമായി ബന്ധപ്പെട്ട പരിപാടി ഈവിധം ആയതോടെ പൊതുജനവും നിരാശയിലായി.
ഒന്നര മണിക്കൂറിലധികം നീണ്ട മുഖ്യമന്ത്രിയുടെ പ്രസംഗത്തിനുശേഷം പദ്ധതിയെക്കുറിച്ച് വിശദീകരിച്ച കെ.റെയില്‍ മാനേജിംഗ് ഡയറക്ടര്‍ വി അനില്‍കുമാര്‍ ആണ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. മുഖ്യമന്ത്രിയുടെ വിശദീകരണത്തോടെ പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ മുഴുവന്‍ സംശയങ്ങളും മാറിയെന്നാണ് ചോദ്യോത്തരവേളക്ക് തുടക്കമിട്ട കേരള മുസ്‌ലിം ജമാഅത്ത് (എ.പി വിഭാഗം) ജില്ലാ നേതാവ് അലി ദാരിമി പറഞ്ഞത്.
ഒരു കിലോമീറ്ററിന് 120 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് വരുന്നത്. പദ്ധതിപ്രദേശത്ത് ഉടനീളം ഫെന്‍സിങ് ആവശ്യമായി വരുമെങ്കിലും ഇത് നാടിനെ രണ്ടാക്കി കീറിമുറിക്കും എന്ന വാദം അസ്ഥാനത്താണെന്ന് പറഞ്ഞ കെ റെയില്‍ എം.ഡി ഇതേ കുറിച്ച് വിശദീകരണം നല്‍കിയില്ല. 63,9 45 കോടി രൂപയാണ് ഇപ്പോള്‍ പദ്ധതി ചെലവ് കണക്കാക്കുന്നത്. 13265 കോടിരൂപ ഭൂമി ഏറ്റെടുക്കലിന് മാറ്റിവെച്ചിട്ടുണ്ട്. പദ്ധതി അഞ്ചുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും വൈകിയാല്‍ ഓരോ വര്‍ഷവും അഞ്ചു ശതമാനം എന്ന കണക്കില്‍ ചെലവ് വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 200 കി.മീറ്റര്‍ സ്പീഡാണ് കെ റെയിലിന് കണക്കാക്കുന്നതെങ്കിലും സ്‌റ്റേഷനുകളിലെ സ്‌റ്റോപ്പും മറ്റും കണക്കാക്കുമ്പോള്‍ 135 -145 കിലോമീറ്റര്‍ ആയിരിക്കും ആവറേജ് സ്പീഡ്. പദ്ധതി വിശദീകരണ രേഖ – ഡിപിആര്‍ -പൊതുരേഖയല്ലെന്നും അതു കൊണ്ടു തന്നെ പരസ്യമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. റോഡ് മാര്‍ഗം കാറിലും മറ്റും പോകുന്നവരെ പൊതുഗതാഗത സംവിധാനത്തിലേക്ക് മാറ്റുക എന്ന ട്രാഫിക് പ്ലാനിംഗ് നയത്തിന്റെ ഭാഗമായി ട്രെയിന്‍ യാത്രക്കാര്‍, ബസ് യാത്രക്കാര്‍, കാര്‍ യാത്രക്കാര്‍ എന്നിവരിലടക്കം നടത്തിയ പഠനത്തിന്റെ ഭാഗമായാണ് കേരളത്തില്‍ പദ്ധതി കൊണ്ടു വന്നിരിക്കുന്നത്. ചരക്ക് ഗതാഗതത്തിന് അഞ്ചിടത്ത് മാത്രമായിരിക്കും സ്‌റ്റോപ്പ് ഉണ്ടാവുക. യാത്രക്കാര്‍ കുറവുള്ള സമയങ്ങളില്‍ മാത്രം ചരക്ക് ലോറികള്‍ അനുവദിക്കും. ഇതനുസരിച്ച് മുഴുവന്‍ ലോറികളും കയറ്റി കൊണ്ടുപോകാം എന്ന് കരുതാന്‍ കഴിയില്ല. 480 ലോറികള്‍ മാത്രമാണ് പരമാവധി കൊണ്ടുപോകാന്‍ കഴിയുക എന്നും കെ റെയില്‍ എം.ഡി വ്യക്തമാക്കി.