ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ സ്പീക്കറായി കോണ്‍ഗ്രസ് എം.എല്‍.എ കെ.ആര്‍ രമേഷ്‌കുമാര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിനു മുമ്പ് ബി.ജെ.പിയുടെ എസ്.സുരേഷ്‌കുമാര്‍ അവസാന നിമിഷം നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതോടെയാണ് രമേഷ്‌കുമാര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പ്രതിബന്ധങ്ങളില്ലാതെ വിജയിക്കാനായതോടെ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യം നിയമസഭയിലെ ആദ്യ കടമ്പ പിന്നിട്ടു. സ്പീക്കര്‍ സ്ഥാനത്തേക്ക് ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയും നാമനിര്‍ദേശ പത്രിക നല്‍കുകയും ചെയ്‌തെങ്കിലും തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പായി നാടകീയമായി പിന്‍വലിക്കുകയായിരുന്നു.
സ്പീക്കര്‍ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ കുമാരസ്വാമി സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പു നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. 117 പേരുടെ പിന്തുണ സര്‍ക്കാരിനുണ്ടെന്നാണ് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിന്റെ അവകാശവാദം.
104 അംഗങ്ങള്‍ മാത്രമുള്ള ബിജെപി എംഎല്‍എ യെദ്യൂരപ്പയെ സര്‍ക്കാറുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിന് നിമിഷങ്ങള്‍ക്കു മുമ്പ് യെദ്യൂരപ്പ രാജിവെച്ചതോടെയാണ് കുമാരസ്വാമിക്ക് മുഖ്യമന്ത്രി പദത്തിലേക്ക് വഴിയൊരുങ്ങിയത്.