മലപ്പുറം: കെ-ഫോണ്‍ പദ്ധതിയില്‍ സൗജന്യ ഇന്റര്‍നെറ്റ് ഉടന്‍ ലഭ്യമാക്കുമെന്ന് പറയുന്നുവെന്നല്ലാതെ നടപ്പിലാക്കാതെ സര്‍ക്കാര്‍. 2022 ജൂണ്‍ മാസം ലഭ്യമാക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പി.ആര്‍ പ്രചാരണം. പിന്നീട് ഡിസംബറില്‍ പൂര്‍ത്തീകരിക്കുമെന്നാണ് പറഞ്ഞത്. എന്നാല്‍ പദ്ധതി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
ഗാര്‍ഹിക കണക്ഷന്‍ നല്‍കി തുടങ്ങുമെന്നു പറയുന്നുണ്ടെങ്കിലും നാളിതുവരെ നടപടികള്‍ പ്രായോഗിക തലത്തിലേക്ക് എത്തിയിട്ടില്ല. സൗജന്യ കണക്ഷന് അര്‍ഹരായവരുടെ പട്ടിക ശേഖരിക്കുന്നതില്‍ വരെ കനത്ത ആശയക്കുഴപ്പം തുടരുകയാണ്. 14,000 കുടുംബങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ കണക്ഷന്‍ നല്‍കുമെന്നാണ് പറയുന്നത്. ഇതുപ്രകാരം ഒരു നിയമസഭാമണ്ഡലത്തില്‍ നൂറ് കുടുംബങ്ങള്‍ക്കാണ് ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുക. ഒരു പഞ്ചായത്തില്‍ പരമാവധി 20 കുടുംബങ്ങളെയേ ഉള്‍പ്പെടുത്താനാവൂ. തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് അര്‍ഹരുടെ പട്ടികയുണ്ടാക്കാന്‍ ചുമതല നല്‍കിയിട്ടുണ്ട്. വാര്‍ഡ് മെമ്പര്‍മാര്‍ തയാറാക്കിയ പ്രാഥമിക പട്ടികയില്‍ തന്നെ 100ന് മുകളില്‍ അര്‍ഹരായ ഗുണഭോക്താക്കളുണ്ട്. ഇതാണ് തദ്ദേശ ഭരണസമിതികളെ വെട്ടിലാക്കിയത്.
1516.76 കോടിരൂപയാണ് പദ്ധതിയുടെ ചിലവ്. നാട് 5 ജി വിപ്ലവത്തിലേക്ക് മാറുന്നതിന്റെ തിരക്കിലാണ്. അതിവേഗം വളരുകയും അതിനനുസരിച്ച് മാറുകയും ചെയ്യുന്ന മേഖലയിലെ കോടികളുടെ മുതല്‍ മുടക്ക് മാത്രമല്ല ഇനിയും വൈകിയാല്‍ സ്വപ്‌ന പദ്ധതിയുടെ പ്രസക്തി കൂടി നഷ്ടപ്പെടുമെന്നാണ് ഐ.ടി വിദഗ്ധര്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്.