തലശ്ശേരി: വ്യക്തമായ ദേശീയ നയമില്ലാത്ത ലക്ഷ്യ ബോധമില്ലാത്ത പാര്‍ട്ടിയായി സിപിഎം മാറിയെന്ന് വടകര പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ പറഞ്ഞു. തലശ്ശേരി പ്രസ്സ് ഫോറം മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന്റെ ബൂത്ത് യോഗങ്ങളില്‍ പോലും ദേശീയ നേതാക്കളാണ് എത്തുന്നത്. കേരളത്തില്‍ ത്രിപുരയും ബംഗാളും ആവര്‍ത്തിക്കും. ഞാന്‍ സ്ഥാനാര്‍ത്ഥി ആയതോടെ നല്ല ജനപങ്കാളിത്തത്തോടെയുള്ള പര്യടനമാണ് നടന്നത്. നല്ല ഭൂരിപക്ഷത്തില്‍ ജയിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയിലെ മാറ്റം ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ പോലൊരു രാജ്യത്ത് ആലോചിക്കാന്‍ പോലും പറ്റാത്ത ഏക സിവില്‍കോഡ് മോദി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നു.
ദേശീയ കക്ഷി എന്ന് അവകാശപ്പെടുന്ന സിപിഎമ്മിന് ഒരു പൊതുനയം സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. വാളയാര്‍ ചുരത്തിന് അപ്പുറം രാഹുല്‍ഗാന്ധി നല്ലവനും ചുരത്തിന് ഇപ്പുറം മോശവുമാണ് സിപിഎമ്മിന്. സംസ്ഥാന അതിര്‍ത്തി മാറുന്നതനുസരിച്ച് അഭിപ്രായം മാറ്റുകയാണ് സിപിഎം. വ്യക്തമായ ഒരു നിലപാടില്ലാത്ത പാര്‍ട്ടിയായി ഇടതുപക്ഷം മാറി. പലകാര്യങ്ങളിലും നരേന്ദ്രമോദിക്കും പിണറായിക്കും ഒരേ സ്വരമാണ്. സിപിഎമ്മിന്റെ എല്ലാ നേതാക്കളും ഇപ്പോള്‍ കേരളത്തിലാണ്. ഇന്ന് ഒരു സംസ്ഥാനത്ത് മാത്രമായി സിപിഎം ഒതുങ്ങിക്കഴിഞ്ഞു. രാജ്യം നിലനില്‍ക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിത്.
ബിജെപിയെ നേരിടാന്‍ ഇടതു പക്ഷം എന്ന് പറയുമ്പോള്‍ ലോക്‌സഭയിലേക്ക് 543 സീറ്റില്‍ ആകെ 40 സീറ്റിലാണ് സിപിഎം മത്സരിക്കുന്നത്. കോയമ്പത്തൂരില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ ചിത്രത്തിനൊപ്പമാണ് അരിവാള്‍ ചുറ്റിക നക്ഷത്രം വരച്ചുവച്ചിട്ടുള്ളത്. മധുരയില്‍ സ്ഥാനാര്‍ത്ഥി ചെയ്തതെന്താണെന്ന് ഇന്നലത്തെ പത്രത്തില്‍ വ്യക്തമാണ്. രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും വിശ്വസിക്കാന്‍ കൊള്ളില്ല എന്ന് പിണറായി വിജയന്‍ പറയുമ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി അരിവാള്‍ ചുറ്റിക നക്ഷത്രം മാത്രമല്ല കൈപ്പത്തിയും കുത്തിക്കൊണ്ടുനില്‍ക്കുന്ന ചിത്രമാണ് മധുരയില്‍ കാണുന്നത്. അത് ഇടതുപക്ഷക്കാര്‍ മനസിലാക്കേണ്ടതുണ്ട്. അതാണ് പറയുന്നത് ഈ തെരഞ്ഞെടുപ്പില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് പ്രസക്തിയില്ല എന്ന്.
കോയമ്പത്തൂരിലും മധുരയിലും ഒരു നയം കേരളത്തില്‍ വേറൊന്നും ഒരു രാജ്യത്ത് രണ്ട് നയമുള്ള ഇടതുപക്ഷത്തിന് എങ്ങിനെ ഇന്ത്യാ രാജ്യത്ത് ഒരു ബദല്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നും മുരളീധരന്‍ ചോദിച്ചു. മുസ്‌ലീം ലീഗിനെ കുറ്റം പറയുന്ന കാര്യത്തിലും പിണറായിക്കും മോഡിക്കും ഒരേ സ്വരമാണ്. ഈ വരുന്ന തെരഞ്ഞെടുപ്പില്‍ മോഡി-പിണറായി അവിശുദ്ധ കൂട്ടുകെട്ടിനെ അധികാരത്തില്‍ നിന്നും ഇറക്കി രാഹുല്‍ ഗാന്ധിയെ അധികാരത്തിലെത്തിക്കണമെന്നും മുരളി പറഞ്ഞു. പ്രസ്സ് ഫോറം പ്രസിഡന്റ് അനീഷ് പാതിരിയാട് അധ്യക്ഷത വഹിച്ചു. വിഎ നാരായണന്‍, സജീവ് മാറോളി, അഡ്വ.സിടി സജിത്ത് എന്നിവരും മുരളീധരനോടെപ്പം ഉണ്ടായിരുന്നു.