X

രാഷ്ട്രീയ തട്ടകത്തിലേക്ക് മുരളീധരന് രണ്ടാം വരവ്

മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും മകനായി 1957 മെയ് 14ന് കണ്ണോത്ത് മുരളീധരന്‍ ജനിച്ചു. ഐച്ഛിക വിഷയമായി നിയമം പഠിച്ചെങ്കിലും അഭിഭാഷകനായല്ല സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറി.

തൃശൂര്‍ പൂങ്കുന്നം ഗവ. ഹൈസ്‌കൂള്‍, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സേവാദളിലൂടെ തുടങ്ങിയ രാഷ്ട്രീയ ജീവിതത്തില്‍ നിന്നാണ് ഇന്നത്തെ മുരളീധരന്‍ പിറക്കുന്നത്. സേവാദളിന്റെ അമരത്ത് തുടരുമ്പോഴാണ് 1989ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ്. വലിയ ഭൂരിപക്ഷത്തോടെ വോട്ടര്‍മാര്‍ അദ്ദേഹത്തെ കോഴിക്കോടു നിന്ന് പാര്‍ലമെന്റിലേക്ക് അയച്ചു. 1991ലും 1999ലും നടന്ന തെരഞ്ഞെടുപ്പിലും മുരളീധരന് തന്നെയായിരുന്നു ജനങ്ങളുടെ അംഗീകാരം.

കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവിയിലേക്ക് എത്തിയ മുരളീധരന്‍, 2001 2004 കാലഘട്ടത്തില്‍ കെ.പി.സി.സി അധ്യക്ഷനായി. അന്ന് എ.കെ ആന്റണിയായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രി. 2004 ഫെബ്രുവരി 11ന് യു.ഡി.എഫ് മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായി കെ. മുരളീധരന്‍ ചുമതലയേറ്റു. എന്നാല്‍, ആറുമാസത്തിനകം നടന്ന ഉപതെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍ പരാജയപ്പെട്ടതോടെ മന്ത്രിസ്ഥാനം രാജിവെച്ചു. മുരളീധരന്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടു. ഡി ഐ സി രൂപീകരിച്ച് ഇടതുമുന്നണിയുമായ് സഹകരിച്ചു. വയനാട്ടില്‍ ലോക്‌സഭയിലേക്ക് മുന്നണികളിലില്ലാതെ മത്സരിച്ച് ശക്തി കാട്ടി.

2011ല്‍ മാതൃസംഘടനയിലേക്ക് മടങ്ങിയെത്തിയതുവരെയുള്ള കാലഘട്ടം ജീവിതത്തില്‍ മറക്കാനാഗ്രഹിക്കുന്ന അനുഭവ പാഠങ്ങളായിരുന്നുവെന്ന് മുരളീധരന്‍ പലപ്പോഴും പറയാറുണ്ട്. തിരിച്ചെത്തിയ ശേഷം രണ്ടു തവണ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ജനപ്രതിനിധിയായി. കഴിഞ്ഞ തവണ കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തി.
നിലവില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗവും KPCC പ്രചാരണ സമിതി അധ്യക്ഷനുമാണ്.
ഭാര്യ: ജ്യോതി
രണ്ട് മക്കള്‍

chandrika: