X

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്; മുഖ്യമന്ത്രി നടത്തിയത് കുത്സിത പ്രവൃത്തി: കെ.മുരളീധരന്‍

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അവതരണം, പ്രതിപക്ഷത്തെ ജനമധ്യത്തില്‍ മോശക്കാരാക്കി കാണിക്കാന്‍ മുഖ്യമന്ത്രി മന:പൂര്‍വം നടത്തിയ കുത്സിത പ്രവൃത്തിയാണെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. നവംബര്‍ ഒമ്പതിന് നിയമസഭായോഗം വിളിക്കുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി ഇതുവഴി നിയമസഭയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ചതായും മുരളീധരന്‍ ആരോപിച്ചു.

മുഖ്യമന്ത്രി സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത് ആട് ഇല കടിക്കുന്നതുപോലെ അവിടുന്നും ഇവിടുന്നുമായി എന്തൊക്കെയോ തപ്പിപ്പിടിച്ചാണ്. ഇതെല്ലാം ഇടതുമുന്നണിയെ തിരിഞ്ഞുകൊത്തും. ഇതുവരെ സ്വീകരിച്ച നടപടികളെല്ലാം രാഷ്ട്രീയ പ്രേരിതമാണ്. വളരെ ദൗര്‍ഭാഗ്യകരമാണിത്. ഇനിയെങ്കിലും ചെയ്ത തെറ്റ് മുഖ്യമന്ത്രി തിരുത്താന്‍ തയാറാവണം, മുരളീധരന്‍ പറഞ്ഞു.

സമൂഹത്തില്‍ എപ്പോഴും മൊഴിമാറ്റുന്ന ഒരാളുടെ വാക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമാണോ ഉമ്മന്‍ ചാണ്ടിക്കെതിരെ നടപടി സ്വീകരിച്ചത്. ഇതിന്റെ നിജസ്ഥിതി അറിയാന്‍ ആരോപണവിധേയര്‍ക്ക് അവകാശമുണ്ട്. അവരുടെ അവകാശങ്ങളെ ഹനിക്കുകയാണ് മുഖ്യമന്ത്രിയെന്നനും മുരളീധരന്‍ പറഞ്ഞു.

ഒരു അന്വേഷണ കമ്മീഷന്‍ അവരുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍, അത് മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്ത് നിയമസഭയില്‍ വയ്ക്കണം. അതിന്റെ അടിസ്ഥാനത്തിലാവണം തുടര്‍നടപടികള്‍ സ്വീകരിക്കേടത്. ഇത് ഇവിടെ ലംഘിക്കപ്പെട്ടിരിക്കുകയാണ്, മുരളീധരന്‍ കുറ്റപ്പെടുത്തി.

chandrika: