നാദാപുരം: യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ നാദാപുരം മണ്ഡലത്തില്‍ നടത്തിയ രണ്ടാംഘട്ട പര്യടനം ആവേശകരം. ചുട്ടുപൊള്ളുന്ന വെയിലിനെ പോലും വകവെക്കാതെ കൈകുഞ്ഞുങ്ങളേന്തിയ അമ്മമാരും, വയോജനങ്ങളും, യുവാക്കളുമെല്ലാം ഓരോ സ്വീകരണ കേന്ദ്രത്തിലും തടിച്ചുകൂടിയത് യു ഡി എഫ് നേതാക്കളെയും പ്രവര്‍ത്തകരെയും ആവേശഭരിതരാക്കി. ‘എന്റെ രാഷ്ട്രീയ ജിവിതത്തില്‍ ഇന്നുവരെ എന്റെ കൈകളില്‍ ചോരക്കറ പുരണ്ടിട്ടില്ല. ഒരു മകനും അച്ഛനെ നഷ്ടപ്പെടേണ്ടി വന്നിട്ടില്ല. ഒരു സ്ത്രീയും വിധവയാകേണ്ടി വന്നിട്ടില്ല. എന്റെ കൈകള്‍ ശുദ്ധമാണെന്ന് എനിക്കുറപ്പിച്ചു പറയാന്‍ കഴിയും’. മുരളീധരന്‍ നടത്തുന്ന പ്രസംഗത്തിലെ ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ജനം മുരളിക്ക് ജയ്വിളിക്കുകയാണ്. ഇന്നലെ രാവിലെ ഒമ്പതരക്ക് കിഴക്കന്‍ മലയോര ഗ്രാമമായ കരിങ്ങാട് നിന്നാണ് പര്യടനത്തിന്റെ തുടക്കം. കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കും, കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്കും ബാലറ്റിലൂടെ കനത്ത മറുപടി നല്‍കാന്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് കുണ്ടുതോട്, പശുക്കടവ്, മുള്ളന്‍കുന്ന്, ദേവര്‍കോവില്‍, കുളങ്ങരത്താഴ, ചിയ്യൂര്‍, കുമ്മങ്കോട്, ചേലക്കാട്, കോടഞ്ചേരി, തലായി, ഇരിങ്ങണ്ണൂര്‍, താഴെ മുടവന്തേരി, കുറുവന്തേരി, കല്ലുനിര എന്നിവിടങ്ങളില്‍ പര്യടനം നടത്തി രാത്രി ചെറുമോത്ത് നടന്ന സമാപനസമ്മേളനം ജില്ലാ മുസ് ലിം ലീഗ് സെക്രട്ടറി എം എ റസാഖ് ഉദ്ഘാടനം ചെയ്തു.
അഹമ്മദ് പുന്നക്കല്‍, സി വി എം വാണിമേല്‍, കെ ടി ജെയിംസ്, കെ പി രാജന്‍, സൂപ്പി നരിക്കാട്ടേരി, ആവോലം രാധാകൃഷ്ണന്‍, എന്‍ കെ മൂസ മാസ്റ്റര്‍, അരയിലത്ത് രവി, ബംഗ്ലത്ത് മുഹമ്മദ്, കോരങ്കോട്ട് മൊയ്തു, അഡ്വ. എ സജീവന്‍, എം പി ജാഫര്‍ മാസ്റ്റര്‍, മോഹനന്‍ പാറക്കടവ്, പി കെ ഹബീബ്, സി വി കുഞ്ഞികൃഷ്ണന്‍, സി കെ നാസര്‍, മണ്ടോടി ബഷീര്‍, അശോകന്‍ തൂണേരി, എം.കെ അഷ്റഫ്, നസീര്‍ വളയം, ഹസന്‍ ചാലില്‍, ഏരത്ത് അബൂബക്കര്‍ ഹാജി, വി ടി കെ മുഹമ്മദ് വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.