X

പൊലീസുകാരെ പഴംപൊരി തീറ്റിച്ച് പൊറോട്ട തിന്നുന്ന ഡിജിപിയാണ് കേരളത്തിലെന്ന് കെ. മുരളീധരന്‍

കുറ്റ്യാടി: ഇത്തിക്കര പക്കിയാണോ വെള്ളായണി പരമുവാണോ ആരാണ് ആദ്യം ജയിലില്‍നിന്ന് ഇറങ്ങുന്നത് അവരെ ഗതാഗത വകുപ്പ് ഏല്‍പ്പിക്കുമെന്നാണ് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പീതാംബരന്‍ മാസ്റ്റര്‍ പറയുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. പൊലീസുകാരെ പഴംപൊരി തീറ്റിച്ച് സ്വന്തമായി പൊറോട്ട തിന്നുന്ന ഡിജിപിയാണ് കേരളത്തില്‍ ഉള്ളതെന്നും ഇത്തരത്തിലുള്ള ഒരു സേനയ്ക്ക് എങ്ങനെ മനോവീര്യമുണ്ടാകുമെന്നും അദ്ദേഹം പരിഹസിച്ചു. ചെറിയകുമ്പളത്ത് കോണ്‍ഗ്രസ് ബൂത്ത്തല കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ. മുരളീധരന്‍.

ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്തു കൊണ്ടിരിക്കുമ്പോള്‍ തന്റെ തലയ്ക്കൊരു വല്ലാത്ത ഭാരം. നോക്കുമ്പോള്‍ ഒരു ചാനലുകാരന്‍ ക്യാമറ തലയില്‍വച്ച് ഷൂട്ട് ചെയ്യുകയാണ്. അവര്‍ക്കത് വയറ്റിപ്പിഴപ്പാണ്. വേണമെങ്കില്‍ അവരോട് ഒരു എംഎല്‍എയുടെ തലയില്‍ ക്യാമറ വയ്ക്കുന്നോടാ, കടക്കുപുറത്ത്.. എന്നു പറഞ്ഞുകൂടായിരുന്നോ..? പക്ഷെ, മര്യാദ വേണം. മുഖ്യമന്ത്രി പിണറായി വിജയന്‍ ദന്തഗോപുരത്തില്‍നിന്ന് ഇറങ്ങിവരണം.

ഇപ്പോള്‍ രാവിലെ എഴുന്നേറ്റാല്‍ സഖാക്കളെല്ലാം ഉരുവിടുന്നത് സോളാറായ നമ: സരിതായ നമ: എന്നാണ്. സോളാറില്‍ കമ്മിഷനെ വച്ചത് യുഡിഎഫ് സര്‍ക്കാര്‍ തന്നെയാണ്. രാഷ്ട്രീയ ചായ്‌വുണ്ടാവില്ല, മടിശീലയില്‍ കനമില്ല എന്നു കരുതിയാണ് റിട്ടയേര്‍ഡ് ജഡ്ജിയെ തെരഞ്ഞെടുത്തത്. എന്നാല്‍, സിനിമ എടുക്കുമ്പോള്‍ സഹകരിച്ചവര്‍ക്ക് നന്ദി എന്നു പറയുന്നപോലെ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ തുടക്കത്തില്‍ത്തന്നെ നന്ദി എഴുതി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അത് ഇന്ത്യന്‍ ലോയേഴ്സ് യൂണിയനാണ്. സിപിഎമ്മിന്റെ വക്കീല്‍ സംഘടനയാണ് ഇന്ത്യന്‍ ലോയേഴ്സ് യൂണിയന്‍.

ഏഴേകാല്‍ കോടി മുടക്കി ഉണ്ടാക്കിയ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ എഴുതിയിരിക്കുന്നത് സരിത നന്നായി സാരി ഉടുക്കും, ഇംഗ്ലീഷ് അറിയാം എന്നൊക്കെയാണ്. സരിത നന്നായി സാരി ഉടുക്കുമെന്ന് ടിവി കാണുന്നതുകൊണ്ട് എല്ലാവര്‍ക്കും അറിയാം. ഫ്രോഡുകള്‍ക്ക് പല പല ഭാഷകള്‍ അറിയും. തന്നെ രാഷ്ട്രീയക്കാര്‍ ആരും പീഡിപ്പിച്ചില്ല എന്ന് സരിത ജയിലില്‍നിന്നെഴുതിയ കത്ത് മാത്രം കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ എഴുതിയില്ല. ജയില്‍ ഡിജിപി ആയിരുന്ന അലക്സാണ്ടര്‍ ജേക്കബ് കമ്മിഷനു നല്‍കിയ മൊഴിയില്‍ ആ കത്തിനെക്കുറിച്ച് പറയുന്നുണ്ട്. കമ്മിഷന് ഇതൊക്കെ കേട്ടപ്പോള്‍ നല്ല ഹരായി. ആരോ പറഞ്ഞു, ഒരു കാസറ്റുണ്ട്. എന്നാപ്പിന്നെ അതു കണ്ടിട്ടുതന്നെ കാര്യം. അങ്ങനെ നാലു വാഹനങ്ങളുടെ അകമ്പടിയോടെ കോയമ്പത്തൂരിലേക്ക് ബ്ലൂ ഫിലിം കാണാന്‍ പോയി. 42 കേസിലെ പ്രതിയാണ് സരിത. രാവിലെ അഛാ എന്നു വിളിച്ചു നാവുകൊണ്ട് ഉച്ചയ്ക്ക് മറ്റേതു വിളിക്കുന്ന സ്ത്രീ. ഇവരെ വച്ചാണ് യുഡിഎഫ് നേതാക്കളെ ഒതുക്കി ഭരിച്ചു കളയാമെന്ന് മുഖ്യമന്ത്രി കരുതുന്നതെങ്കില്‍ അദ്ദേഹത്തിന് തെറ്റിപ്പോയിരിക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

 

chandrika: