X
    Categories: MoreViews

ശശീന്ദ്രനെ മന്ത്രിസഭയിലെടുക്കുന്നത് അധാര്‍മികം: കെ മുരളീധരന്‍

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് ഫോണില്‍ അശ്ലീല സംഭാഷണം നടത്തിയത് വിവാദമായതിനെ തുടര്‍ന്ന് രാജിവെച്ച എ.കെ ശശീന്ദ്രനെ മന്ത്രി സഭയില്‍ തിരിച്ചെടുക്കാനുള്ള നീക്കം അധാര്‍മ്മികമാണെന്ന് കെ മുരളീധരന്‍ എംഎല്‍എ. സ്വകാര്യ ചാനല്‍ പുറത്തു വിട്ട ശബ്ദരേഖ അദ്ദേഹത്തിന്റെതല്ലെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. പരാതിക്കാരിയുമായി കേസ് ഒത്തുതീര്‍ത്തതാണ്. ഇതുകൊണ്ടൊന്നും ചെയ്ത തെറ്റ് തെറ്റല്ലാതാവില്ല. വിവാദ ഫോണ്‍ കോള്‍ തന്റേതല്ലെന്ന് അദ്ദേഹം പറയാത്ത കാലത്തോളം മന്ത്രിസഭയിലെടുത്താല്‍ എല്‍.ഡി.എഫിന് ധാര്‍മ്മികതയെ കുറിച്ച് പറയാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

എം.പി വീരേന്ദ്രകുമാര്‍ യുഡിഎഫ് വിട്ട് പോയ നടപടി ശരിയല്ല. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ലഭിച്ച സ്ഥാനമാനങ്ങള്‍ യുഡിഎഫിന്റെ ഭാഗമായി നിന്നത് കൊണ്ട് ലഭിച്ചതാണ്. വീരേന്ദ്രകുമാര്‍ യുഡിഎഫിനോട് ചെയ്തത് നന്ദികേടാണ്. വീരേന്ദ്രകുമാറിന് പിണറായിയെ കാണുമ്പോള്‍ പണ്ടു ജയിലില്‍ കിടന്ന കാര്യമാണ് ഓര്‍മ വരുന്നത്. കോണ്‍ഗ്രസ്സ് അടക്കമുള്ളവര്‍ വീരേന്ദ്രകുമാറിനോട് ഒരു തെറ്റും ചെയ്തിട്ടില്ല. എന്തു കാരണം കൊണ്ടാണ് അദ്ദേഹം മുന്നണി വിട്ടതെന്ന് വ്യക്തമാക്കണം.
വീരേന്ദ്രകുമാറും പാര്‍ട്ടിയും ഒഴികെ യുഡിഎഫ് വിട്ട് പോയ ആര്‍ക്കും യുഡിഎഫിലേക്ക് തിരിച്ചുവരാം. ആരും വന്നില്ലെങ്കിലും മുന്നോട്ടു പോകും. കെ.എം മാണിയുടെ കേരള കോണ്‍ഗ്രസ് വൈകാതെ തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

chandrika: