X

കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമന്‍ ഇന്നും കോടതിയില്‍ ഹാജരായില്ല, ജോലിത്തിരക്കെന്ന് അഭിഭാഷകന്‍

മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ഇന്നും കോടതിയിൽ ഹാജരായില്ല. ജോലിത്തിരക്ക് ചൂണ്ടിക്കാട്ടിയാണ് ഇത്തവണ ഹാജരാകാതിരുന്നത്. മറ്റൊരു ദിവസം അനുവദിക്കണമെന്ന് പ്രതിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇതോടെ കുറ്റപത്രം വായിക്കുന്നത് കോടതി ഓഗസ്റ്റ് 16-ലേക്കാണ് മാറ്റി. ശ്രീറാം വെങ്കിട്ടരാമന്‍ ഇന്ന്  നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷൻസ് കോടതി നിർദ്ദേശിച്ചിരുന്നു.

നരഹത്യാകേസ് നിലനില്‍ക്കില്ലെന്ന ശ്രീറാമിന്‍റെ വാദം സുപ്രീം കോടതി നേരത്തേ തള്ളിയിരുന്നു. 2023 ഓഗസ്റ്റ് 25-ന് കേസിൽ വിചാരണ നേരിടണമെന്ന് ഉത്തരവിട്ട സുപ്രീം കോടതി ശ്രീറാം വെങ്കിട്ടരാമന്‍റെ റിവിഷൻ ഹർജി തള്ളിയിരുന്നു. സമാന നിലപാട് നേരത്തേ ഹൈക്കോടതിയും സ്വീകരിച്ചിരുന്നു.

കേസിൽ നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ പുനഃസ്ഥാപിച്ച ഹൈക്കോടതി വിധിക്കെതിരെയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയെ സമീപിച്ചത്. നരഹത്യാക്കുറ്റം നിലനിൽക്കുമോയെന്നത് വിചാരണയിലാണ് വ്യക്തമാകേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹൈക്കോടതിയുടെ നിലപാട് ശരിവെച്ചത്. ഇതോടെയാണ് നരഹത്യാക്കുറ്റത്തിന് വിചാരണ നേരിടാൻ സാഹചര്യം ഒരുങ്ങിയത്.

മൂന്നു തവണയാണു വാദം ബോധിപ്പിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ സമയം നീട്ടി ചോദിച്ചത്. കഴിഞ്ഞ ജൂൺ ആറിനും മാർച്ച് 30-നും 2023 ഡിസംബർ 11-നും കേസ് പരിഗണിച്ചപ്പോഴായിരുന്നു ഇത്. 2019 ഓഗസ്റ്റ് 3-നാണ് മാധ്യമപ്രവർത്തകനായ കെ.എം. ബഷീര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് ദാരുണമായി കൊല്ലപ്പെട്ടത്. 2020 ഫെബ്രുവരി മൂന്നിനാണു പ്രത്യേക അന്വേഷണസംഘം ശ്രീറാമിനെയും ഒപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് വഫയെയും പ്രതികളാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. തിരുവനന്തപുരം സ്വദേശിയായ വഫ ഫിറോസിന്‍റെ പേരിലുള്ളതായിരുന്നു കെ.എം ബഷീറിനെ ഇടിച്ച വാഹനം. ശ്രീറാം വെങ്കിട്ടരാമൻ മാത്രമാണ് കേസിൽ പ്രതി. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയിരുന്നു.

webdesk13: