തിരുവനന്തപുരം: വനിതാ മതിൽ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ നിയമസഭയില്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം. കെ സി ജോസഫ് എംഎൽഎയാണ് നോട്ടീസ് നൽകുന്നത്.
അതേസമയം, വനിതാ മതിലിന് സർക്കാർ പണം ചെലവഴിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. വനിത, ശിശുക്ഷേമ വകുപ്പിന്റെ പണം ചെലവഴിക്കാതിരുന്ന മന്ത്രി കെ കെ ശൈലജക്കെതിരെ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് സി പി എം മതിൽ നിർമ്മിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വനിത മതിലിനായി പണം ചെലവഴിക്കുന്നത് അഴിമതി തന്നെയെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും 50 കോടി രൂപ ചിലവാക്കി വനിതാ മതില്‍ നടത്താന്‍ പോകുന്നുവെന്ന പ്രചരണത്തിനെതിരെ വിശദീകരണവുമായി മുഖ്യമന്ത്രിയും ധനമന്ത്രിയും രംഗത്തെത്തി.
വനിതാമതിലിന് ഖജനാവില്‍ നിന്ന് പണം ചെലവാക്കില്ലെന്നും നീക്കി വെച്ച 50 കോടി സര്‍ക്കാര്‍ പദ്ധതികള്‍ക്കെന്നും അതില്‍ നിന്നും ഒരു രൂപ പോലും എടുക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
വനിതാമതിലിന് സര്‍ക്കാര്‍ പണം ചെലവിടില്ലെന്ന് മന്ത്രി തോമസ് ഐസക്കും പറഞ്ഞു. സര്‍ക്കാര്‍ സത്യവാങ്മൂലം തെറ്റിദ്ധരിക്കപ്പെട്ടെന്നും ബജറ്റ് തുക ചെലവിടില്ലെന്നുമാണ് ഐസക്ക് ട്വിറ്ററില്‍ വ്യക്തമാക്കിത് . വനിത സംഘടനകള്‍ സ്വന്തം നിലയില്‍ പണം സമാഹരിക്കുമെന്നും അതിന് അവര്‍ പ്രാപ്തര്‍ ആണെന്നും തോമസ് ഐസക് പ്രതികരിച്ചു.
എന്നാല്‍ സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വനിതാ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 50 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നാണ് പറഞ്ഞത്. ഈ സത്യവാങ്മൂലത്തിന് എതിരായാണ് പ്രതിപക്ഷം രംഗത്തെത്തിയത്. സര്‍ക്കാര്‍ സംഘടിപ്പിക്കുന്നത് വനിതാ മതിലല്ല വർഗീയ മതിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. 50 കോടി ചെലവഴിക്കുന്നത് അഴിമതിയാണ്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയെന്നും ചെന്നിത്തല പറഞ്ഞു.