X
    Categories: indiaNews

രാഹുല്‍ഗാന്ധിയെ കുറിച്ചുള്ള ചോദ്യം; ഉത്തരം നല്‍കാതെ ഒഴിഞ്ഞു മാറി ജ്യോതിരാദിത്യ സിന്ധ്യ

ഭോപ്പാല്‍: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായുള്ള സൗഹൃദത്തെ കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറി ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ നേരത്തെ തന്നെ മൗനം പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം മറുപടി നല്‍കി. എകണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഈയിടെ കോണ്‍ഗ്രസ് വിട്ട സിന്ധ്യ.

‘ഏതു സമയത്തും വീട്ടില്‍ കയറി വന്ന് സംസാരിക്കാന്‍ കഴിയുന്ന ഏക നേതാവ് എന്ന് രാഹുല്‍ ഗാന്ധി താങ്കളെ കുറിച്ച് പറഞ്ഞിട്ടുണ്ടല്ലോ’ – എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ‘കഴിഞ്ഞ കാലത്ത് നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞത് കഴിഞ്ഞു. ഞാന്‍ ഇക്കാര്യത്തില്‍ ഏഴു മാസമായി അന്തസ്സുറ്റ മൗനമാണ് ദീക്ഷിച്ചിട്ടുള്ളത്. മൗനം തുടരനാണ് ആഗ്രഹം. ഞാന്‍ ക്രിയാത്മകതയില്‍ വിശ്വസിക്കുന്നു. വര്‍ത്തമാനത്തിലും ഭാവിയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നു’ –

എന്നാണ് രാഹുലിനെ കുറിച്ച് പരാമര്‍ശിക്കാതെ സിന്ധ്യ മറുപടി പറഞ്ഞത്.

സചിന്‍ പൈലറ്റിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും സിന്ധ്യ കൃത്യമായ മറുപടി പറഞ്ഞില്ല. ‘പ്രശ്‌നങ്ങള്‍ സചിന്‍ പൈലറ്റ് ഉന്നയിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ തന്നെ നില്‍ക്കുകയായിരുന്നു’ – എന്നാണ് മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടിയത്.

‘താരതമ്യം ആഗ്രഹിക്കുന്നില്ല. ജനങ്ങളുടെ താത്പര്യത്തിനൊത്ത് പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റിന് ഒപ്പമായിരുന്നു എന്റെ മനസ്സ്. ഇക്കാര്യത്തിനായി ഞാന്‍ പലകുറി ശബ്ദിച്ചിട്ടുണ്ട്’ – എന്നാണ് സചിന്‍ പൈലറ്റിനെ കുറിച്ച് പറയാതെ സിന്ധ്യ മറുപടി പറഞ്ഞത്.

28 നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുമെന്നും പാര്‍ട്ടി അധികാരം നിലനിര്‍ത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജനങ്ങളുടെ ഉത്തരവാദത്വത്തില്‍ നിന്ന് മാറി നിന്നതു കൊണ്ടാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണത്. ബിജെപി വികസനത്തിനായി യത്‌നിക്കുകയാണ്- അദ്ദേഹം അവകാശപ്പെട്ടു.

നവംബര്‍ മൂന്നിനാണ് മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുക. 230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 88 സീറ്റും ബിജെപിക്ക് 107 സീറ്റുമാണ് ഉള്ളത്. കോണ്‍ഗ്രസിന് ഒമ്പതു സീറ്റുകള്‍ കൂടി കിട്ടിയാല്‍ സഖ്യകക്ഷി പിന്‍ബലത്തോടെ അധികാരത്തില്‍ തിരിച്ചെത്താനാകും. ജ്യോതിരാദിത്യ സിന്ധ്യയുടെ വിമത കലാപവും അതേത്തുടര്‍ന്ന് സിന്ധ്യ പക്ഷ എംഎല്‍എമാരുടെ രാജിയുമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ടത്.

Test User: