X

ആലിംഗന നയതന്ത്രം പടിക്ക് പുറത്ത്; മോദിക്ക് കനേഡിയന്‍ പ്രധാനമന്ത്രിയോട് അയിത്തം

ന്യൂഡല്‍ഹി: ആലിംഗന നയതന്ത്രത്തിന്റെ അപ്പോസ്തലനായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡിനോട് അയിത്തം. രാജ്യത്തേക്ക് വിരുന്നെത്തുന്ന ലോകനേതാക്കളെ പ്രോട്ടോക്കോള്‍ പോലും ലംഘിച്ച് സ്വീകരിക്കാന്‍ ഓടിയെത്താറുള്ള മോദി കുടംബസമേതം ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ട്രൂഡിനെ തിരിഞ്ഞുപോലും നോക്കിയില്ലെന്നാണ് ആക്ഷേപം.

 

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമൊക്കെ വന്നപ്പോള്‍ വിമാനത്തിനടുത്തേക്ക് ചെന്ന് ഹസ്തദാനം ചെയ്തും കൊട്ടിപ്പിടിച്ചുമായിരുന്നു മോദിയുടെ സ്വീകരണം. എന്നാല്‍ ജസ്റ്റിന്‍ ട്രൂഡിനും കുടുംബത്തെയും മോദിയും കേന്ദ്ര സര്‍ക്കാരും പൂര്‍ണമായും അവഗണിച്ചു. എട്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ശനിയാഴ്ചയാണ് ജസ്റ്റിന്‍ ട്രൂഡ് ഡല്‍ഹിയിലെത്തിയത്. എന്നാല്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയിരുന്നില്ല.

പകരം കേന്ദ്ര കാര്‍ഷിക സഹമന്ത്രി ഗജേന്ദ്ര ഷെഖാവത്താണ് ട്രൂഡിനെയും കുടുംബത്തേയും സ്വീകരിച്ചത്. ഇത് ആദ്യദിനം തന്നെ കല്ലുകടിയായെങ്കിലും ലോകനേതാക്കളുടെ സന്ദര്‍ശനത്തിനിടെ എല്ലായിപ്പോഴും മോദിക്ക് അവര്‍ക്കൊപ്പം ഉണ്ടാകാന്‍ കഴിയില്ലെന്നായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങളുടെ പ്രതികരണം.

 

ജനുവരിയില്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ കാത്തുനിന്ന് ആലിംഗനം ചെയ്ത് മോദി സ്വീകരിച്ചപ്പോള്‍, ട്രൂഡിനെ ഇതുവരെ ഒന്ന് കാണാന്‍ പോലും മോദി കൂട്ടാക്കിയിട്ടില്ല. ഇന്നലെ സ്വന്തം നാടായ ഗുജറാത്ത് സന്ദര്‍ശിച്ചപ്പോഴും ട്രൂഡിന് മോദിയുടെ പരിഗണന ലഭിച്ചില്ല. 2014 ല്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും കഴിഞ്ഞവര്‍ഷം ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേയും കഴിഞ്ഞമാസം ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഗുജറാത്തിലെ സബര്‍മതി ആശ്രമം സന്ദര്‍ശിച്ചപ്പോള്‍ മോദി ഇവര്‍ക്കൊപ്പം ആദ്യാവസാനം വരെയുണ്ടായിരുന്നു. ഇവര്‍ക്ക് വേണ്ടി റോഡ് ഷോയും സംഘടിപ്പിച്ചിരുന്നു.

 

കഴിഞ്ഞദിവസം ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ട്രൂഡും കുടുംബവും എത്തിയപ്പോള്‍ യു. പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കനേഡിയന്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയില്ല. പിന്നീട് ട്രൂഡിനും കുടുംബത്തിനും വിനോദസഞ്ചാരികളെ പോലെ താജ്മഹല്‍ സന്ദര്‍ശിക്കേണ്ടിയും വന്നു. തെരഞ്ഞെടുപ്പ് ആസന്നമായ കര്‍ണാടകയില്‍ മോദി സന്ദര്‍ശനത്തിലാണെന്നും ഇതുകൊണ്ടാണ് ട്രൂഡിനൊപ്പം ഗുജറാത്തില്‍ പോകാന്‍ കഴിയാത്തതെന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.

മുസ്‌ലിംകളോട് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കുന്ന ട്രൂഡിന്റെ നിലപാട് ശ്രദ്ധേയമായിരുന്നു. മുസ്‌ലിം അഭയാര്‍ത്ഥികളോട് അമേരിക്ക ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ മുഖം തിരിച്ചപ്പോള്‍ ജസ്റ്റിന്‍ ട്രൂഡ് ഇവരെ സ്വന്തം രാജ്യത്തേക്ക് ക്ഷണിച്ചു. കഴിഞ്ഞ ബലിപ്പെരുന്നാള്‍ ദിനത്തില്‍ ലോകത്താകമാനമുള്ള മുസ്‌ലിം വിശ്വാസികള്‍ക്ക് അറബിയില്‍ ആശംസ അറിയിച്ചും അദ്ദേഹം ലോകത്തിന്റെ കയ്യടി നേടിയിരുന്നു.

chandrika: