ഔദ്യോഗിക വസതിയില്‍ നിന്ന് കെട്ടു കണക്കിന് കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്ത സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജ് യശ്വന്ത് വര്‍മ്മയ്ക്കെതിരെ ഇംപീച്ച്മെന്റ് നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പ്രമേയം പാസാക്കി. ഇന്ന് ഉച്ചക്ക് ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം.
ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യണമെന്നും, സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തുടങ്ങിയ ഏജന്‍സികള്‍ വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും ക്രിമിനല്‍ അന്വേഷണത്തില്‍ നിന്ന് ജസ്റ്റിസ് വര്‍മ്മയെ ഒഴിവാക്കരുതെന്നും എച്ച്സിബിഎ ആവശ്യപ്പെട്ടു. കുറ്റക്കാരനായ ജഡ്ജിയെ ഇംപീച്ച് ചെയ്യുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണം. ഇതിനായി ചീഫ് ജസ്റ്റിസ്, ഉടന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യണമെന്നും ജസ്റ്റിസ് വര്‍മ്മ പുറപ്പെടുവിച്ച എല്ലാ വിധിന്യായങ്ങളും പുനഃപരിശോധിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം, യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനുള്ള സുപ്രിംകോടതി കൊളീജിയത്തിന്റെ നിര്‍ദ്ദേശത്തോടുള്ള എതിര്‍പ്പ്, ബാര്‍ അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എതിര്‍പ്പ് വകവെക്കാതെ യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റത്തിനുള്ള പ്രമേയം കൊളീജിയം പാസാക്കി.
മാര്‍ച്ച് 14 ഹോളി ദിനത്തിലായിരുന്നു ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ തീപ്പിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് എത്തിയ ഫയര്‍ഫോഴ്സ് ആണ് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തത്.