കൊല്‍ക്കത്ത: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളെയും വെറുതെവിട്ട വിചാരണക്കോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് അശോക് കുമാര്‍ ഗാംഗുലി. നീതിക്കു വേണ്ടിയുള്ള ശബ്ദം അടിച്ചമര്‍ത്തപ്പെട്ടു. കരയാന്‍ വിധിക്കപ്പെട്ടു എന്ന ടാഗോറിന്റെ കവിതാ ശകലം ഉദ്ധരിച്ചായിരുന്നു ജസ്റ്റിസ് ഗാംഗുലിയുടെ പ്രതികരണം.
‘ഇതെന്നെ ആഴത്തില്‍ ദുഃഖിപ്പിക്കുന്നു. ഈ വിധിയുടെ ഹിയറിങ്, കഷ്ടം തോന്നുന്നു. എനിക്ക് വാക്കുകളില്ല’ – ദ ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ‘ഞാനെന്തു പറയണം. പറയൂ, ഇതില്‍ക്കൂടുതല്‍ എന്തു പറയണം. ഇന്നത്തെ സാഹചര്യത്തില്‍ ഇതു പ്രതീക്ഷിച്ചതായിരിക്കാം. എനിക്കറിയില്ല’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1994ല്‍ തന്നെ മസ്ജിദ് തകര്‍ത്തത് ദേശീയ തലത്തില്‍ സംഭവിച്ച നാണക്കേടാണ് എന്ന് സുപ്രിംകോടതി പറഞ്ഞിട്ടുണ്ട്. മസ്ജിദ് തകര്‍ത്തതിന് പിന്നാല്‍ കൃത്യമായ ആസൂത്രണമുണ്ട് എന്ന് സ്പഷ്ടമാണ്. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ പിന്തുണയുമുണ്ടായിരുന്നു. ഇപ്പോള്‍ ആസൂത്രണമില്ല എന്നാണ് പ്രത്യേക കോടതി പറയുന്നത്. എന്നാല്‍ ഇതിന് മുമ്പ് ഗൂഢാലോചനയുണ്ട് എന്ന് സുപ്രിംകോടതിയുടെ തന്നെ നിരവധി വിധികള്‍ ഉണ്ടായിട്ടുണ്ട്. ഉദാരണത്തിന്, ഇസ്മായില്‍ ഷാ ഫാറൂഖി കേസ്. ഈ കേസില്‍ ബാബരി മസ്ജിദ് ധ്വംസനം ദേശീയ നാണക്കേടാണ് എന്ന് കോടതി പറഞ്ഞിട്ടുണ്ട്- അദ്ദേഹം ചൂണ്ടിക്കാട്ടി.
ആ വിധിക്ക് പിന്നാലെ അന്നത്തെ സര്‍ക്കാര്‍ ബാബരി ധ്വംസനത്തില്‍ ഒരു ധവളപത്രം ഇറക്കിയിരുന്നു. വിശദമായ ആസൂത്രണത്തോടെയാണ് പള്ളി തകര്‍ത്തത് എന്ന് അതില്‍ കൃത്യമായി പറയുന്നുണ്ട്. ആരാണ് അത് ആസൂത്രണം ചെയ്തത് എന്നു താന്‍ പറയുന്നില്ല. എന്നാല്‍ അതിനൊരു രാഷ്ട്രീയ കക്ഷിയുടെ പിന്തുണയുണ്ടായിരുന്നു. അത് കൃത്യമായി സുപ്രിംകോടതിയില്‍ പറഞ്ഞതാണ്- ജസ്റ്റിസ് ഗാംഗുലി പറഞ്ഞു.
മറ്റൊരിക്കല്‍ ഭരണഘടനയുടെ മതേതര സ്വഭാവത്തെ ഉലച്ചു കളഞ്ഞതാണ് ബാബരി മസ്ജിദ് ധ്വംസനമെന്ന് സുപ്രിംകോടതി പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒമ്പതിലെ വിധിയിലും ധ്വംസനത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. അങ്ങേയറ്റത്തെ നിയമലംഘനം എന്നാണ് കോടതി വിശേഷിപ്പിച്ചിട്ടുള്ളത്. സുപ്രിംകോടതി വിധികളുടെ വെളിച്ചത്തില്‍ പള്ളി പൊളിച്ചത് ക്രിമിനല്‍ കുറ്റമാണ് എന്ന് വ്യക്തമാണ്. കുറ്റമായതു കൊണ്ടു തന്നെ ചിലര്‍ അതു ചെയ്തതാകണം. പതിനായിരക്കണക്കിന് പേരുടെ കണ്‍മുമ്പിലാണ് ഈ കൃത്യം നടന്നത്. അന്താരാഷ്ട്ര തലത്തില്‍ ഇത് പ്രക്ഷേപണം ചെയ്തിരുന്നു. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ ഒളിച്ചു കളിയൊന്നുമില്ല- അദ്ദേഹം പറഞ്ഞു.