വിദേശ ജയിലുകളിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടതും, വധശിക്ഷ കാത്തിരിക്കുന്നതും, ദുരിതമനുഭവിക്കുന്നതുമായ ഇന്ത്യൻ പൗരന്മാർക്ക് നീതി ഉറപ്പാക്കണമെന്ന് പി.വി. അബ്ദുൾ വഹാബ് എം.പി രാജ്യസഭയിൽ ആവശ്യപ്പെട്ടു. വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരെ സഹായിക്കുന്നതിൽ കേന്ദ്ര ഗവൺമെന്റ് കാണിക്കുന്ന നിരുത്തരവാദ നിലപാടിനെ രൂക്ഷമായി വിമർശിച്ച അദ്ദേഹം കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 47 ഇന്ത്യൻ പൗരന്മാർക്ക് വധശിക്ഷ നൽകിയെന്നും 49 പേർ വധശിക്ഷ കാത്തിരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. ‘ഗവൺമെന്റിന്റെ നിലപാട്, ഞെട്ടിപ്പിക്കുന്നതും നിരുത്തരവാദപരവുമാണ്. വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും സർക്കാർ മുൻഗണന നൽകുന്നുവെന്ന് അവകാശപ്പെടുമ്പോൾ, യാഥാർത്ഥ്യം അതല്ല. ‘കോൺസുലാർ സഹായം’ നൽകുന്നതിലും ‘മോചിപ്പിക്കാനും മടക്കി അയക്കാനുമുള്ള’ ശ്രമങ്ങളിലും ഗവൺമെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വെറും ഉദ്യോഗസ്ഥപരമായ നടപടിക്രമങ്ങൾ മാത്രമാണെന്നും, ദുർബലരായ ഈ വ്യക്തികൾ നേരിടുന്ന അടിസ്ഥാനപരമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശ രാജ്യങ്ങളിലെ ശക്തമായ നിയമങ്ങളാണ് കാരണമെന്ന സർക്കാറിന്റെ ഒഴികഴിവ് അംഗീകരിക്കാനാവില്ല. ഇന്ത്യൻ തടവുകാരുടെ കാര്യങ്ങളിൽ സുപ്രധാന വിവരങ്ങൾ ലഭ്യമാക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനും വിദേശ ഗവൺമെന്റുകളുമായി സജീവമായി ഇടപെടണം. ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് വഴി നിയമ സഹായം ഉറപ്പാക്കണം. പല തടവുകാർക്കും ഫലപ്രദമായ നിയമപരമായ സഹായം ലഭിക്കുന്നില്ല. ഇത് ദീർഘകാല തടവിനും നീതിരഹിതമായ വിചാരണകൾക്കും കാരണമാകുന്നു. മലേഷ്യയും ഗൾഫ് രാജ്യങ്ങളും ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഇന്ത്യൻ പൗരന്മാർ വധശിക്ഷ നേരിടുകയാണ്. ദയാഹർജി നൽകുന്നതിനും വധശിക്ഷകൾ തടയുന്നതിനുമുള്ള ഗവൺമെന്റിന്റെ ശ്രമങ്ങൾ അപര്യാപ്തമാണ്. യു.എ.ഇയിൽ നിന്നുള്ള വധശിക്ഷാ വിവരങ്ങൾ ഏറെ വൈകി അറിഞ്ഞത് സർക്കാർ സമീപനത്തിന്റെ തെളിവാണ്. നിർണായക വിവരങ്ങൾ നേടുന്നതിനും ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നയതന്ത്ര സമ്മർദ്ദം ശക്തമാക്കണമെന്നും പി.വി അബ്ദുൽ വഹാബ് ആവശ്യപ്പെട്ടു.