ന്യൂഡല്‍ഹി: രഞ്ജന്‍ ഗൊഗോയിയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസാക്കാനുള്ള തീരുമാനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. ഒക്ടോബര്‍ മൂന്നിന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 2019 നവംബര്‍ 17 വരെയാണ് ജസ്റ്റിസ് ഗൊഗോയിയുടെ കാലാവധി. നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഒക്ടോബര്‍ രണ്ടിന് സ്ഥാനമൊഴിയും.
അസമില്‍നിന്നുള്ള ഗൊഗോയ് 2001 ഫെബ്രുവരിയില്‍ ഗുവാഹത്തി ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടു. 2010 സെപ്റ്റംബറില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ ജഡ്ജിയായി. പിറ്റേ വര്‍ഷം ഫെബ്രുവരിയില്‍ അവിടെത്തന്നെ ചീഫ് ജസ്റ്റിസായി. 2012 ഏപ്രിലിലാണു സുപ്രീം കോടതിയില്‍ നിയമിക്കപ്പെട്ടത്. ജസ്റ്റിസ് ഗൊഗോയിയുടെ പിതാവ് കേശബ് ചന്ദ്ര ഗൊഗോയ് 1982ല്‍ രണ്ടുമാസം അസമില്‍ മുഖ്യമന്ത്രിയായിരുന്നു. മകന്‍ റക്തിം ഗൊഗോയ് അഭിഭാഷകനാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് രഞ്ജന്‍ ഗൊഗോയ്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഏകപക്ഷീയ നടപടികള്‍ക്കെതിരെ കഴിഞ്ഞ ജനുവരിയില്‍ വാര്‍ത്താസമ്മേളനം നടത്തിയ നാല് മുതിര്‍ന്ന ജഡ്ജിമാരില്‍ ജസ്റ്റിസ് ഗൊഗോയ് ഉണ്ടായിരുന്നു. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ കോടതിയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് പരസ്യമായി വാര്‍ത്താസമ്മേളനം വിളിച്ചത്. ഈ സംഭവം ഗൊഗോയിയുടെ സ്ഥാനക്കയറ്റത്തിന് തടസമാവുമോയെന്ന് സംശയമുയര്‍ന്നിരുന്നു. എന്നാല്‍ എല്ലാം അസ്ഥാനത്താക്കി ഈ മാസം ആദ്യം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഗൊഗോയിയുടെ പേര് ശുപാര്‍ശ ചെയ്യുകയായിരുന്നു.