ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ കുറ്റാരോപിതനായ സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പെട്ടെന്നു വിധി പറയാന്‍ ജസ്റ്റിസ് ലോയയ്ക്കുമേല്‍ ചില വമ്പന്‍മാര്‍ സമ്മര്‍ദ്ദം ചെലുത്തിയതായി തെളിവുകള്‍. ഒപ്പിടാന്‍ കരടുവിധിന്യായം വരെ ഇക്കൂട്ടര്‍ എത്തിച്ച് കൊടുത്തതായും തെളിവുകള്‍ വ്യക്തമാക്കുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബല്‍, സല്‍മാന്‍ ഖുര്‍ഷിദ്, എഐസിസി നിയമവിഭാഗം മേധാവി വിവേക് തന്‍ക, നാഗ്പൂരിലെ അഭിഭാഷകനും പൗരാവകാശ പ്രവര്‍ത്തകനുമായ സതീഷ് ഉക്കെ എന്നിവര്‍ ചേര്‍ന്നാണു തെളിവുകള്‍ പുറത്ത് വിട്ടത്. ജീവന്‍ അപകടത്തിലാണെന്നു ഭയപ്പെട്ട ലോയയെ സഹായിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതായും ഒരാള്‍ മരണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതായും ഇവര്‍ വെളിപ്പെടുത്തി. പ്രതിപട്ടികയിലെ ഉന്നതനെ ഒഴിവാക്കുന്നതിനുള്ള പ്രതിഫലമായി ലോയക്ക് 100 കോടി രൂപയും ഫഌറ്റും വാഗ്ദാനം ചെയ്തതായി സഹോദരി വെളിപ്പെടുത്തുന്നതിന്റെ വീഡിയോയും നേതാക്കള്‍ പുറത്തുവിട്ടു. 2014 നവംബര്‍ 24നാണ് ലോയയുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചത് ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെ അദ്ദേഹം ദുരൂഹസാഹചര്യത്തില്‍ മരിച്ചു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ വ്യത്യസ്തം. നിര്‍ണായക വിവരങ്ങള്‍ അറിയാവുന്ന ലോയയുടെ സുഹൃത്ത് ശ്രീകാന്ത് ഖണ്ഡല്‍ക്കര്‍ 2015 നവംബര്‍ 29ന് ജില്ലാ കോടതി പരിസരത്ത് മരിച്ച നിലയില്‍. രണ്ടുദിവസത്തെ അവധിക്ക് ശേഷം കോടതി തുറന്നപ്പോളാണ് മൃതദേഹം കണ്ടെത്തിയത്. ലോയയുടെ സുഹൃത്തും റിട്ട. ജഡ്ജിയുമായ പ്രകാശ് തോംബ്‌റെ നാഗ് പൂരില്‍ നിന്നും ബംഗളൂരിലേക്കുള്ള യാത്രക്കിടെ 2016 മെയ് 16ന് ട്രെയില്‍ നിന്ന് വീണു മരിച്ചു. ഈ കേസില്‍ ഇതുവരെ എഫ്.ഐ.ആര്‍.പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇതെല്ലാം വന്‍ ഗൂഢാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും സി.ബി.ഐയെയും എന്‍.ഐ.എയെയും മാറ്റിനിര്‍ത്തി സ്വതന്ത്ര, ഉന്നതതല അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.