magzലഖ്‌നൗ: ബാബരി മസ്ജിദ് തകര്‍ത്തതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് സംഭവം അന്വേഷിച്ച ജസ്റ്റിസ് ലിബര്‍ഹാന്‍. ഏതെങ്കിലും കാണാത്ത ശക്തികളല്ല അതു തകര്‍ത്തതെന്നും മനുഷ്യര്‍ തന്നെയാണ് എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അതൊരു സിവില്‍ ഗൂഢാലോചനയാണ് എന്ന് ഞാന്‍ കണ്ടെത്തിയിരുന്നു. അതില്‍ ഞാനിപ്പോഴും വിശ്വസിക്കുന്നു. എന്റെ മുമ്പാകെ വന്ന തെളിവുകള്‍ പ്രകാരം ബാബരി മസ്ജിദ് ധ്വംസനം സൂക്ഷമമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. അതിന്റെ ആലങ്കാരിക ഉത്തരവാദിത്വം ഉമാഭാരതി ഏറ്റത് ഞാന്‍ ഓര്‍ക്കുന്നു. ഏതെങ്കിലും അദൃശ്യ ശക്തികളല്ല പള്ളി തകര്‍ത്തത്. മനുഷ്യര്‍ തന്നെയാണ്’ – എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
1992 ഡിസംബര്‍ ആറിനാണ് സര്‍ക്കാര്‍ സംഭവം അന്വേഷിക്കാനായി ലിബര്‍ഹാന്‍ കമ്മിഷനെ നിയോഗിച്ചത്. 2009ലാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എല്‍കെ അദ്വാനി, എംഎം ജോഷി, ഉമാഭാരതി തുടങ്ങിയ ബിജെപി നേതാക്കള്‍ക്ക് പള്ളി പൊളിച്ചതില്‍ പങ്കുണ്ടെന്നായിരുന്നു കമ്മിഷന്റെ കണ്ടെത്തല്‍.
കര്‍സേവകര്‍ ആള്‍ക്കൂട്ടമായി വന്നത് പെട്ടെന്നുണ്ടായതല്ല. അത് ആസൂത്രിതമായിരുന്നു. എന്റെ കണ്ടെത്തലുകള്‍ കൃത്യമായിരുന്നു. ശരിയും സ്വതന്ത്രവുമായിരുന്നു. അത് ചരിത്രത്തിന്റെ ഭാഗമാണ്- ലിബര്‍ഹാന്‍ കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ചയാണ് ബാബരി പൊളിച്ച കേസിലെ 32 പ്രതികളെയും ലഖ്‌നൗവിലെ വിചാരണക്കോടതി വെറുതെ വിട്ടത്. കുറ്റങ്ങള്‍ പ്രോസിക്യൂഷന് തെളിയിക്കാനായില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികളെ വെറുതെ വിട്ടത്. വിധിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.
തന്റെ കണ്ടെത്തലുകള്‍ ശരിയാണ് എന്നു പറഞ്ഞെങ്കിലും കോടതി വിധിയെ കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ജഡ്ജിയെയോ കോടതിയെയോ സിബിഐ അന്വേഷണത്തെയോ താന്‍ വിമര്‍ശിക്കുന്നില്ല. എല്ലാവരും അവരുടെ ജോലി വിശ്വസ്തതയോടെ ചെയ്തിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്നു. കോടതിക്ക് വിയോജിക്കാനുള്ള അവകാശമുണ്ട്. അതിന്റെ അധികാരത്തെ കുറിച്ച് തര്‍ക്കങ്ങളില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അദ്വാനി, വാജ്‌പേയി എല്ലാവരും തനിക്കു മുമ്പില്‍ ഹാജരായിരുന്നു. താന്‍ കണ്ടെത്തിയതാണ് റിപ്പോര്‍ട്ടായി നല്‍കിയത്. ചിലര്‍ ധ്വംസനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഉമാഭാരതി അങ്ങനെയൊരാളാണ്. ഇപ്പോള്‍ ജഡ്ജി അവര്‍ അതിന് ഉത്തരവാദിയല്ല എന്ന് പറയുമ്പോള്‍ താനെന്തു ചെയ്യും. മുമ്പില്‍ വച്ച തെളിവുകള്‍ പരിഗണിക്കുമ്പോള്‍ അത് ആസൂത്രിതമായിരുന്നു- ജസ്റ്റിസ് ലിബര്‍ഹാന്‍ വ്യക്തമാക്കി.