X

സുപ്രീംകോടതി പ്രതിസന്ധി; മഞ്ഞുരുകുന്നു

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ കലാപക്കൊടി ഉയര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ചക്കെത്തിയെങ്കിലും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കാണാന്‍ അനുവദിച്ചില്ല.
പ്രശ്‌നപരിഹാരത്തിന് തിരക്കിട്ട ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് നൃപേന്ദ്ര മിശ്ര ചീഫ് ജസ്റ്റിസിന്റെ വീട്ടിലെത്തിയത്. എന്നാല്‍ കാണാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം തിരിച്ചു പോവുകയായിരുന്നു.
പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടലെന്ന ആരോപണം ഒഴിവാക്കാനായാണ് ചീഫ് ജസ്റ്റിസ് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മടക്കി അയച്ചതെന്നാണ് കരുതുന്നത്. അതേ സമയം പ്രശ്‌നങ്ങള്‍ നീതിന്യായ വ്യവസ്ഥക്ക് അകത്തു നിന്നു തന്നെ പരിഹരിക്കണമെന്ന് അഭിപ്രായപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചീഫ് ജസ്റ്റിസിന്റെ വസതിയിലേക്കയച്ച സംഭവത്തെ കോണ്‍ഗ്രസ് വിമര്‍ശിച്ചു.
ജഡ്ജിമാരുടെ ആരോപണം ഗൗരവമുള്ളതാണെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചീഫ് ജസ്റ്റിസിന്റെ വീട്ടിലേക്ക് അയച്ചതിനെ കുറിച്ച് പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അതിനിടെ പ്രശ്‌ന പരിഹാരത്തിനായി തിരക്കിട്ട ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പരമോന്നത നീതിപീഠത്തിലുണ്ടായ അത്യപൂര്‍വ പ്രതിസന്ധിക്ക് ഉടന്‍ പരിഹാരമുണ്ടാകുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു. ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ സുപ്രീം കോടതിയിലെ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ ഇന്നലെ പത്രസമ്മേളനം നടത്തിയതിനു പിന്നാലെ എ.ജി ചീഫ് ജസ്റ്റിസുമായി ചര്‍ച്ച നടത്തിയിരുന്നു. നാലു ജഡ്ജിമാര്‍ക്കു പിന്നാലെ കൂടുതല്‍ ജഡ്ജിമാര്‍ പിന്തുണയുമായി എത്തിയതോടെ എത്രയും വേഗം പ്രശ്‌നം പരിഹരിക്കാനാണു നീക്കം. സംഭവത്തെ കുറിച്ച് പ്രധാനമന്ത്രി നിയമമന്ത്രിയില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ നീതിന്യായ വ്യവസ്ഥയിലെ അഭ്യന്തര പ്രശ്‌നമാണെന്ന നിലാപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് വാദം കേട്ടിരുന്ന പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ചീഫ് ജസ്റ്റിസ് സ്വീകരിച്ച നിലപാടാണ് പ്രശ്‌നങ്ങള്‍ പൊട്ടിത്തെറിയിലെത്താന്‍ കാരണമായത്് എന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ കരുതലോടെയാണ് നീങ്ങുന്നത്. അതേ സമയം സുപ്രീം കോടതിയിലെ മുഴുവന്‍ ജഡ്ജിമാരുടെയും പങ്കാളിത്തത്തോടെ ഫുള്‍കോര്‍ട്ട് ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കാനാണ് ശ്രമം നടക്കുന്നത്.

തര്‍ക്കത്തിന് പരിഹാരമായെന്ന്
ജസ്റ്റിസ് കുര്യന്‍ ജോസഫ്
ന്യൂഡല്‍ഹി:ജഡ്ജിമാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജുഡീഷ്യറിക്കുള്ളില്‍ നിന്നുള്ള തിരുത്തലിനാണ് ശ്രമിച്ചത്. അത് ഫലം കണ്ടെന്നും കുര്യന്‍ ജോസഫ് പറഞ്ഞു. രാഷ്ട്രപതിയെ സമീപിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പുറത്തുനിന്നുള്ളവര്‍ പ്രശ്‌നത്തില്‍ ഇടപെടേണ്ട ആവശ്യമില്ല. സാങ്കേതികമായി രാഷ്ട്രപതിക്ക് പ്രശ്‌നത്തില്‍ ഇടപെടാനാകില്ല. ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം മാത്രമാണ് രാഷ്ടപതിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

chandrika: