X
    Categories: MoreViews

ജസ്റ്റീസ് കര്‍ണന്റെ ജാമ്യ ഹര്‍ജി; വാദം കേള്‍ക്കുന്നത് സുപ്രിം കോടതി നിരസിച്ചു

ന്യൂഡല്‍ഹി: കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജ് കര്‍ണന്റെ ജാമ്യ ഹര്‍ജിയിലും അദ്ദേഹത്തിനെതിരെയുള്ള വിധി പുനപരിശോധിക്കണമെന്നുള്ള ഹര്‍ജിയിലും വാദം കേള്‍ക്കണമെന്ന അപേക്ഷ സുപ്രിം കോടതി നിരസിച്ചു. കോടതി അലക്ഷ്യ കേസില്‍ ജസ്റ്റീസ് കര്‍ണനെ കോടതി ആറ് മാസത്തേക്ക് ജയിലില്‍ അടച്ചിരിക്കുകയാണ്. കോടതി വിധിയെ തുടര്‍ന്ന് ഒളിവില്‍ പോയ ജസ്റ്റീസ് കര്‍ണനെ കഴിഞ്ഞ 20ന് പശ്ചിമ ബംഗാള്‍ അന്വേഷണ സംഘം തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ നിന്നാണ് അറസ്റ്റു ചെയ്തത്. കോടതി വിധിയെ തുടര്‍ന്നുള്ള ഹര്‍ജിയോ വാക്കാലുള്ള അപേക്ഷയോ നിരസിക്കുന്നു. ചീഫ് ജസ്റ്റീസ് ജെ. എസ് ഖേഹര്‍, ജസ്റ്റീസ് ഡി. വൈ ചന്ദ്രചൂഡ് എന്നിവര്‍ വ്യക്തമാക്കി. കര്‍ണന്‍ ജയിലില്‍ കഴിയുകയാണെന്നും എത്രയും വേഗം അദ്ദേഹത്തിന്റെ ഹര്‍ജി പരിഗണിക്കണമെന്നുമുള്ള അപേക്ഷയുമായി കര്‍ണന്റെ അഭിഭാഷകനായ മാത്യൂസ് ജെ നെടുമ്പുരയാണ് കോടതിയെ സമീപിച്ചത്. നെഞ്ചു വേദനയെ തുടര്‍ന്ന് എസ്എസ്‌കെഎം ആസ്പത്രിയില്‍ പ്രവേശിപ്പിച്ച കര്‍ണനെ കഴിഞ്ഞ ദിവസം പ്രസിഡന്‍സി ജയിലിലേക്ക് മാറ്റി. 62കാരനായ കര്‍ണന്‍ ജൂണ്‍ 21നാണ് ജഡ്ജി സ്ഥാനത്തു നിന്നും വിരമിച്ചത്. സുപ്രീംകോടതിക്കെതിരെ തുടര്‍ച്ചയായി വിധി പ്രഖ്യാപിക്കുകയും ആക്ഷേപിക്കുകയും ചീഫ് ജസ്റ്റീസ് ഉള്‍പ്പടെയുള്ള ജഡ്ജിമാരെ ശിക്ഷിച്ചുകൊണ്ട് വിധി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കര്‍ണ്ണനെ ശിക്ഷിച്ചത്.

chandrika: