X

നീതി അകലെ; നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിന് അഞ്ചാണ്ട്

കേരളത്തെ ഞെട്ടിച്ച് യുവനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിന് ഇന്നേക്ക് അഞ്ച് വര്‍ഷം. 2017 ഫെബ്രുവരി 17ന് പുലര്‍ച്ചെയാണ് ക്വട്ടേഷന്‍ പ്രകാരം നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യം പകര്‍ത്തി റോഡില്‍ ഉപേക്ഷിച്ചത്. സംഭവം നടന്ന് അഞ്ചുവര്‍ഷം കഴിഞ്ഞെങ്കിലും ഇപ്പോഴും നീതിക്കായുള്ള പോരാട്ടത്തിലാണ് അക്രമണത്തിന് ഇരയായ നടി.

നടന്‍ ദിലീപ് (എട്ടാം പ്രതി) ഉള്‍പ്പെടെ 14 പ്രതികളാണ് കേസില്‍ ആകെയുള്ളത്. പെരുമ്പാവൂര്‍ കോടനാട് നെടുവേലിക്കുടി സുനില്‍ കുമാറാണ് (പള്‍സര്‍ സുനി) 50 ലക്ഷം രൂപക്ക് ക്വട്ടേഷന്‍ ഏറ്റെടുത്തത്. കീഴടങ്ങാന്‍ എത്തിയ പള്‍സര്‍ സുനിയേയും തലശേരി സ്വദേശി വിജീഷിനെയും കോടതി മുറിയില്‍നിന്ന് നാടകീയമായി പൊലീസ് അറസ്റ്റ് ചെയ്തു. ദൃശ്യം പകര്‍ത്തിയ ഫോണ്‍ ആദ്യം ഓടയില്‍ കളഞ്ഞുവെന്നുള്ള സുനിയുടെ മൊഴിയെ തുടര്‍ന്ന് തിരിച്ചില്‍ നടത്തിയിട്ടും കണ്ടുകിട്ടിയില്ല. വീണ്ടും മൊഴി മാറ്റി പറഞ്ഞ സുനി, ഫോണ്‍ വക്കീലിനെ ഏല്‍പ്പിച്ചെന്നു തിരുത്തി. ഫോണ്‍ നശിപ്പിച്ചതായാണ് അഭിഭാഷകന്റെ മൊഴി. ഈ ഫോണ്‍ കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.

സിനിമയുടെ ഡബ്ബിങിനായി തൃശുരില്‍ നിന്ന് എറണാകുളത്തേക്ക് വരുന്നതിനിടെ നെടുമ്പാശേരി അത്താണിയില്‍ വച്ചാണ് നടിയെ തട്ടിക്കൊണ്ടുപോയത്. വിവിധ ഇടങ്ങളിലൂടെ സഞ്ചരിച്ച് ഉപദ്രവിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തി. നടിയെ കൂട്ടിക്കൊണ്ടുവന്ന ഡ്രൈവര്‍ മാര്‍ട്ടിന്റെ ഒത്താശയോടെയായിരുന്നു ഇത്. ക്വട്ടേഷനാണ് ഞങ്ങളോട് സഹകരിക്കണം, ചിരിച്ച മുഖം വേണം എന്നെല്ലാം സുനി നടിയോട് ആവശ്യപ്പെട്ടു. മാര്‍ട്ടിനാണ് നടിയെ നടന്‍ ലാലിന്റെ വീട്ടിലെത്തിച്ചത്. മാര്‍ട്ടിനെ പിടികൂടിയത് വഴിത്തിരിവായി.

2017 ജൂലായ് 10നാണ് നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത്. മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. 85 ദിവസത്തിന് ശേഷമാണ് ദിലീപ് ജയില്‍മോചിതനായി. പിന്നീട് മുഖ്യപ്രതി പള്‍സര്‍ സുനിയുടെ തുറന്നുപറച്ചിലും അമ്മ ശോഭയുടെ വെളിപ്പെടുത്തലും കേസിന്റെ ഗതിമാറ്റി. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. 33 മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും കോടതിയില്‍ അനുകൂല വിധി നേടാന്‍ അന്വേഷണ സംഘത്തിനായില്ല. കേസില്‍ ദിലീപിന്റെയടക്കം ആറ് ഫോണുകള്‍ പരിശോധനക്ക് അയച്ചിരിക്കുകയാണ് ഇപ്പോള്‍.

Test User: