X

നീതി ദേവത-പ്രതിഛായ

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ അറ്റോണി ജനറലായിരുന്നയാളുടെ പേരാണ് മോട്ടിലാല്‍ ചിമന്‍ലാല്‍ സെതല്‍വാദ്. പേരിലെ ഈ കുടുംബവാല്‍ ഇന്ന് ലോകം മുഴുവന്‍ അറിയുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന ഗുജറാത്തിക്കാരിയുടേത് കൂടിയാണ്-ടീസ്റ്റ സെതല്‍വാദ്. രാജ്യത്തെ നിയമ പരിഷ്‌കാരത്തിനായി നെഹ്‌റു ഭരണകൂടം രൂപവല്‍കരിച്ച ആദ്യ ലോ കമ്മീഷന്റെ ചെയര്‍മാനായിരുന്നു ടീസ്റ്റയുടെ മുത്തച്ഛനും സ്വാതന്ത്ര്യസമരനേതാവുമായിരുന്ന എം.സി സെതല്‍വാദ്. അദ്ദേഹത്തിന്റെ പേരമകള്‍ ലോകമറിയുന്ന മനുഷ്യാവകാശ പോരാളിയായതില്‍ അത്ഭുതത്തിന് വകയില്ല. മുംബൈയിലെ പ്രമുഖ അഭിഭാഷകനായിരുന്നു പിതാവ് അതുല്‍ സെതല്‍വാദും. നോംചോംസ്‌കിയെ പോലുള്ള ലോകത്തെ അത്യുന്നത ചിന്തകരും ബുദ്ധിജീവികളും ടീസ്റ്റയെ ജയിലില്‍നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസമാണ് ഇന്ത്യന്‍ സുപ്രീംകോടതിക്ക് കത്തെഴുതിയിരിക്കുന്നത്. മറ്റൊരു ഇന്ത്യക്കാരനും ലഭിക്കാത്ത അത്യപൂര്‍വ ബഹുമതി. ഇന്ത്യയില്‍ ഫാസിസം വന്നോ, ഇല്ലെയോ എന്ന ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് ഈ മഹതിയെ കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് അഴിക്കുള്ളിലിട്ടത്. കുറ്റം ഗുജറാത്ത് കലാപത്തിലെ ഇരകളായ നിരാലംബര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചത്! ടീസ്റ്റ മോദിയുടെയും അമിത്ഷായുടെയും കണ്ണിലെ കരടാകുന്നത് 2002 മുതല്‍ക്കാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിക്കും മറ്റുമെതിരെ കോടതികളില്‍നിന്ന് കോടതികളിലേക്ക് കേസുകെട്ടുകളുമായി പായുകയായിരുന്നു ഇരകള്‍ക്കൊപ്പം ടീസ്റ്റ എന്ന 60കാരി. എന്നാല്‍ ഗുജറാത്ത് കലാപത്തിന് ഗൂഢാലോചന നടത്തിയവരില്‍പെടുത്തിയാണ് മോദിയും കൂട്ടരും മുന്‍ഗുജറാത്ത് ഡി.ജി.പി ആര്‍.ബി ശ്രീകുമാറിനൊപ്പം ടീസ്റ്റയെയും തുറുങ്കിലിലടച്ചത്. ‘മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ നേരിട്ടുള്ള ആക്രമണം’ എന്നാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റര്‍നാഷണല്‍ അറസ്റ്റിനെ വിശേഷിപ്പിച്ചത്. നീതിക്കുവേണ്ടി പോരാടിയവരുടെ ഇതിഹാസമാണ് പുരാണത്തിലെ ദുര്‍ഗയുടെയും സീതയുടെയും പാഞ്ചാലിയുടേതുമെന്നതിനാല്‍ ആധുനിക സീതയുടെ പരിവേഷമാണ് ടീസ്റ്റക്ക്. അമ്മയുടെ പേരിലുമുണ്ട് സീത.

2002ല്‍ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല എന്ന കുപ്രസിദ്ധ ഭരണകൂട ഭീകരതക്കിരയായി കോണ്‍ഗ്രസ് എം.പി ഇഹ്്‌സാന്‍ ജാഫ്രിയടക്കം കൊലചെയ്യപ്പെട്ടതിന് നീതിതേടിയാണ് അദ്ദേഹത്തിന്റെ ഭാര്യ സാക്കിയ ജാഫ്രിയുള്‍പ്പെടെ കോടതിയെ സമീപിച്ചത്. കേസില്‍ നിലവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മറ്റും സുപ്രീംകോടതി കുറ്റവിമുക്തമാക്കിയതിന് തൊട്ടുപിറ്റേന്നായിരുന്നു ടീസ്റ്റയുടെയും ശ്രീകുമാറിന്റെയും അറസ്റ്റ്. മോദി വിളിച്ചുചേര്‍ത്ത 2002ലെ പൊലീസുദ്യോഗസ്ഥരുടെ യോഗത്തില്‍ ഗോദ്ര സംഭവത്തിന് ‘ഹിന്ദുക്കളെ പ്രതികാരം ചെയ്യാന്‍വിടണ’മെന്ന് മുഖ്യമന്ത്രി ആജ്ഞാപിച്ചുവെന്നാണ് ടീസ്റ്റയും കൂട്ടരും വാദിച്ചത്. പരാതിയില്‍ മന്ത്രിമാരടക്കം 62 പേരെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. ബി.ജെ.പി സര്‍ക്കാരിന്റെ പ്രത്യേകാന്വേഷണസംഘം പക്ഷേ പ്രതികളെയെല്ലാം കുറ്റവിമുക്തരാക്കുകയായിരുന്നു. ഇതാണ് ടീസ്റ്റയും മറ്റും സുപ്രീംകോടതിയില്‍ ചോദ്യംചെയ്തത്. ഇതാണ് ഫാസിസ്റ്റ് ഭരണകൂടത്തെ ചൊടിപ്പിച്ചതും. പ്രതികളെ കുറ്റവിമുക്തമാക്കുമ്പോള്‍ പരാതിക്കാരെ കേട്ടില്ലെന്നാണ് കോടതിക്കെതിരായി ഉയര്‍ന്നിരിക്കുന്ന മുഖ്യപരാതി. ലോകത്തെ വിവിധ ഉന്നത സര്‍വകലാശാലകളിലെ അത്യുന്നത പ്രൊഫസര്‍മാരും ബ്രിട്ടീഷ് ജനപ്രതിനിധിയും അടക്കമാണ് കഴിഞ്ഞദിവസം ‘സഹമത്’ എന്ന സംഘടന പുറത്തിറക്കിയ ടീസ്റ്റയുടെ മോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രസ്താവനയില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇത് കാണാതിരിക്കാന്‍ ഇന്ത്യന്‍ നീതിപീഠത്തിന് കഴിയില്ല. വരുന്ന 22നാണ് സുപ്രീംകോടതി ഇവരുടെ ജാമ്യഹര്‍ജി വീണ്ടും പരിഗണിക്കുന്നത്. ഭാവി ചീഫ് ജസ്റ്റിസ് യു.യു ലളിതിന് മുമ്പാകെയാണ് കേസ് വരുന്നത്.

കുടുംബ പാരമ്പര്യം കാക്കാനായി നിയമം പഠിക്കാന്‍പോയെങ്കിലും ഫിലോസഫിയിലാണ് ബിരുദമെടുത്തത്. 1983ല്‍ പത്രപ്രവര്‍ത്തകയായി. മാധ്യമപ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമെന്ന നിലയില്‍ ഒട്ടനവധി കേസുകളാണ് ടീസ്റ്റ ഇതിനകം കോടതികളുടെ മുമ്പിലെത്തിച്ചിട്ടുള്ളത്. മുസ്്‌ലിംകളുടേതാണ് ഇവയില്‍ പലതും. കോര്‍പറേറ്റുകളുടെ ഭക്ഷ്യവസ്തുക്കളിലെ മായത്തിനെതിരെയും പോരാടുന്നു. ‘സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസി’ന്റെ സെക്രട്ടറിയും ‘കമ്യൂണലിസം കോംപാക്ട്’ മാസികയുടെ സ്ഥാപകപത്രാധിപരും. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിലും ബിസിനസ് ഇന്ത്യയിലും ജോലി ചെയ്യുന്നതിനിടെയാണ് ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് നീതിവാങ്ങിക്കൊടുക്കാനായി ജോലി രാജിവെച്ച് പൊതുപ്രവര്‍ത്തനത്തിറങ്ങിയത്. 2007ല്‍ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചു. ഗുജറാത്ത്-മേക്കിംഗ് ഓഫ് എ ട്രാജഡി, രക്ഷകര്‍ ചതിക്കുമ്പോള്‍ തുടങ്ങിയ ഗ്രന്ഥങ്ങളെഴുതി. സമാനമേഖലയിലെ പോരാളി ജാവേദ് ആനന്ദാണ് ഭര്‍ത്താവ്. മകനും മകളുമുണ്ട്.

Test User: