തിരുവനന്തപുരം : ജസ്റ്റിസ് ഫോര്‍ ഡോ. വന്ദനദാസ് ജസ്റ്റിസ് ഫോര്‍ ഡോക്ടേഴ്‌സ് ആന്റ് ഹെല്‍ത്ത് വര്‍ക്കേഴ്‌സ് എന്ന മുദ്രാവാക്യമുയര്‍ത്തി മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം.പി.യുടെ നേതൃത്വത്തില്‍ വനിതകള്‍ നാളെ രാവിലെ 6 മുതല്‍ വൈകീട്ട് ആറ് വരെ സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവാസം അനുഷ്ഠിക്കും.
സംരക്ഷണം ആവശ്യപ്പെട്ട് ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും നടത്തിയ സമരത്തിന് അനുഭാവം പ്രകടിപ്പിക്കാനാണ് ഉപവാസം.
വാചകമടിച്ചും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടും രണ്ടു വര്‍ഷം ‘എക്‌സ്പീരിയന്‍സ്ഡ്’ ആയി പ്രവര്‍ത്തിച്ച ആരോഗ്യ മന്ത്രി സ്വയം രാജിവെച്ചൊഴിയണം. രണ്ടാം വാര്‍ഷികം പ്രമാണിച്ച് പിണറായി സര്‍ക്കാരിന് ജനങ്ങള്‍ക്ക് നല്‍കാവുന്ന ഏറ്റവും നല്ല പിറന്നാള്‍ സമ്മാനമാവും ആരോഗ്യ മന്ത്രിയുടെ രാജി. ഡോ.വന്ദനയുടെ വീട്ടില്‍ നടത്തിയ കരച്ചില്‍ നാടകമല്ലെങ്കില്‍ സ്വയം ഒഴിയാന്‍ സന്നദ്ധത കാണിക്കണം.
സുരക്ഷ സംബന്ധിച്ച് രണ്ടു വര്‍ഷമായി ഒരെ കാര്യമാണ് മന്ത്രി പറഞ്ഞു കൊണ്ടിരിക്കുന്നത്. സി.സി.ടി.വി.യും പോലീസ് എയ്ഡ് പോസ്റ്റും വിമുക്ത ഭടന്‍മാരുടെ സേവനവും എത്ര ആശുപത്രികളില്‍ ഉണ്ടെന്ന് മന്ത്രി വ്യക്തമാക്കണം. കോഴിക്കോട്ട് സര്‍ക്കാര്‍ ആശുപത്രിയിലെ സെക്യൂരിറ്റിക്കാരനെ തല്ലിയ സി.പി.എം നേതാവിനെതിരെ എന്തു നടപടിയെടുത്തുവെന്ന് മന്ത്രി പറയണം. ഇയാളെ പുറത്താക്കാന്‍ പാര്‍ട്ടിയും തയ്യാറാവണം.ആശുപത്രികള്‍ പ്രധാന സുരക്ഷാ മേഖലയായി പരിഗണിക്കുകയും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം ഗുരുതര ക്രിമിനല്‍ കുറ്റമായും കാണണം.കസ്റ്റഡിയിലുള്ള പ്രതികളെയും പോലീസ് കൊണ്ടു വരുന്നവരെയും പരിശോധിക്കുന്നതിന് പ്രത്യേക പ്രോട്ടോക്കോള്‍ ഉണ്ടാക്കണം.ഹെല്‍ത്ത് സെന്റര്‍ മുതല്‍ മെഡിക്കല്‍കോളേജ് വരെയുള്ള എല്ലാ ആശുപത്രികളിലും 24 മണികൂറും പോലീസ് സാന്നിധ്യം ഉറപ്പുവരുത്തണം. ആശുപത്രികളുടെ നടത്തിപ്പ് സുരക്ഷ,ചികില്‍സ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പഠിക്കുന്നതിന് വിദഗ്ദ്ധ സമതിയെ നിയോഗിക്കണം. അതിന്റെ കൂടി അടിസ്ഥാനത്തില്‍ നിയമം ഭേദഗതി ചെയ്യണമെന്നും ജെബി മേത്തര്‍ ആവശ്യപ്പെട്ടു.