ഹൈദരാബാദ്: സുപ്രീം കോടതിയിലെ വഴിവിട്ട നടപടികള്‍ക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയതില്‍ യാതൊരു കുറ്റബോധവുമില്ലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജസ്റ്റിസ് ചെലമേശ്വര്‍ നിലപാട് വ്യക്തമാക്കിയത്. തനിക്കെതിരെ ബാര്‍ കൗണ്‍സില്‍ ഉന്നയിച്ച ആരോപണങ്ങള്‍ അര്‍ഥശൂന്യമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ വാര്‍ത്താസമ്മേളനം സുപ്രീം കോടതിയുടെ വിശ്വാസ്യതക്ക് കോട്ടമുണ്ടാക്കിയെന്നാണ് മുഴുവന്‍ നിയമവിദഗ്ധരും പറയുന്നതെന്നാണ് ബാര്‍ കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞത്. മുഴുവന്‍ നിയമജ്ഞരും തങ്ങളോടൊപ്പമാണെന്ന് ബാര്‍ കൗണ്‍സിലിനോട് ആരാണ് പറഞ്ഞത്? നിയമമേഖലയിലുള്ള നിരവധിപേര്‍ താന്‍ ചെയ്തത് ശരിയാണെന്ന് പറഞ്ഞിട്ടുണ്ടെന്നും ചെലമേശ്വര്‍ വ്യക്തമാക്കി.
ഭാവി പരിപാടി എന്താണെന്ന് തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും കമ്മീഷന്‍ തലവനായോ മറ്റ് ഔദ്യോഗിക പദവികളിലേക്കോ ഇല്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നില്ല. പലപ്പോഴും പല പാര്‍ട്ടികളുമായിച്ചേര്‍ത്ത് തന്റെ പേര് പറഞ്ഞിട്ടുണ്ട്. ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച കേസില്‍ വിധി പറഞ്ഞപ്പോള്‍ ബി.ജെ.പിക്കാരനാണെന്നാണ് പറഞ്ഞിരുന്നത്. പിന്നീട് ജനുവരിയില്‍ വാര്‍ത്താസമ്മേളനം നടത്തിയതോടെ കോണ്‍ഗ്രസുകാരനായി മുദ്രകുത്തി. പിന്നീട് ഡി.രാജയുമായി കൂടിക്കാഴ്ച നടത്തിയതോടെ കമ്മ്യൂണിസ്റ്റുകാരനായി. നാട്ടില്‍ കൃഷി നടത്തി ജീവിക്കാനാണ് താല്‍പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ജുഡീഷ്യറിയിലെ രാഷ്ട്രീയ ഇടപെടലുകള്‍ പൂര്‍ണമായും അവസാനിപ്പിക്കാന്‍ കഴിയില്ല. ജഡ്ജിമാര്‍ ഏത് രാഷ്ട്രീയക്കാരാണ് എന്നതല്ല അവര്‍ വിധിന്യായത്തില്‍ എന്ത് പറയുന്നു എന്നതാണ് പ്രധാനം. വിധിപ്രസ്താവത്തിന് സൈദ്ധാന്തിക പശ്ചാത്തലമുണ്ടോയെന്നാണ് പരിശോധിക്കേണ്ടതെന്നും ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു.