X
    Categories: indiaNews

ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അവസാന ഉത്തരവ് മഹാകലേശ്വര്‍ ക്ഷേത്രത്തിലെ ശിവലിംഗ സംരക്ഷണത്തിന്

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് അരുണ്‍ മിശ്ര അവസാനമായി പുറപ്പെടുവിച്ച ഉത്തരവ് ഉജ്ജയിനിലെ മഹാകലേശ്വര്‍ ക്ഷേത്രത്തിലെ ശിവലിംഗം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍. ജസ്റ്റിസ് ബി.ആര്‍. ഗവായ്, കൃഷ്ണ മുരാരി, അരുണ്‍ മിശ്ര എന്നിവിരടങ്ങുന്ന സുപ്രീം കോടതി ബെഞ്ചാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഭക്തര്‍ ആരും തന്നെ ശിവലിംഗത്തില്‍ തൊടാനോ തഴുകാനോ പാടില്ലെന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് ബെഞ്ച് മുന്നോട്ടുവെച്ചത്.

ഭക്തരും സന്ദര്‍ശകരും ശിവലിംഗത്തില്‍ സ്പര്‍ശിക്കുന്നില്ലെന്ന് ക്ഷേത്രപൂജാരിമാരും പുരോഹിതരും അധികൃതരും ഉറപ്പു വരുത്തണം. ഭസ്മാഭിഷേകത്തിന് ഉപയോഗിക്കുന്ന ഭസ്മത്തിന്റെ പി.എച്ച്. മൂല്യം നിര്‍ണയിക്കേണ്ടതാണ്. ശിവലിംഗത്തിന് കേടുപാടുകള്‍ ഉണ്ടാവാതെ സംരക്ഷിക്കാനുള്ള മികച്ച മാര്‍ഗങ്ങള്‍ നടപ്പിലാക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു.

നെയ്യ്, വെണ്ണ, തേന്‍ തുടങ്ങിയവ ശിവലിംഗത്തില്‍ തേച്ചു പിടിപ്പിക്കുന്നത് ശിവലിംഗം ദ്രവിക്കുന്നതിനിടയാക്കും. ചെറിയ അളവിലുള്ള ശുദ്ധമായ പാല്‍ മാത്രമേ ശിവലിംഗത്തില്‍ ഒഴിക്കാവൂ എന്നും ഭക്തര്‍ക്ക് നേര്‍ച്ചയായി അര്‍പ്പിക്കാനായി ശുദ്ധമായ പാല്‍ നല്‍കണമെന്നും കോടതി ക്ഷേത്ര കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി.

പൂജ നടപടിക്രമങ്ങള്‍ 24 മണിക്കൂര്‍ സമയവും ക്യാമറയില്‍ പകര്‍ത്തണം. ഈ ദൃശ്യങ്ങള്‍ ആറു മാസമെങ്കിലും സൂക്ഷിച്ചുവെക്കണം. ഏതെങ്കിലും പൂജാരി ഈ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ അയാള്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.

മഹാകാലേശ്വര്‍ ക്ഷേത്രത്തിലെ ശിവലിംഗത്തിന്റെ തേയ്മാനത്തെക്കുറിച്ച് പഠിക്കാന്‍ നേരത്തെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ തുടങ്ങിയ വകുപ്പുകളില്‍ നിന്നുള്ളവരെ ഉള്‍ക്കൊള്ളിച്ച് വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു. 2019 ജനുവരിയില്‍ സമിതി നടത്തിയ പരിശോധനയില്‍ ശിവലിംഗത്തിന് ദ്രവീകരണമുണ്ടെന്നും അത് തുടരുന്നുണ്ടെന്നും സമിതി കണ്ടെത്തി. ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

വിദഗ്ധ സമിതി ക്ഷേത്രം എല്ലാവര്‍ഷവും സന്ദര്‍ശിക്കണണെന്നും ശിവലിംഗത്തിന്റെ തേയ്മാനം തടയാന്‍ സ്വീകരിച്ച നടപടികള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിഷയം 2021 ജനുവരിയില്‍ പരിഗണിക്കുന്നതിനായി മാറ്റി.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: