ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഭരണനിര്‍വ്വഹണ സ്ഥാപനങ്ങളും സംവിധാനങ്ങളും ആസൂത്രതമായി നശിപ്പിക്കപ്പെടുകയാണെന്ന് ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസും ലോ കമ്മീഷന്‍ മുന്‍ അധ്യക്ഷനുമായ ജസ്റ്റിസ് അജിത് പ്രകാശ് ഷാ. സുപ്രീംകോടതിക്ക് സംഭവിച്ച അധഃപതനം ആകസ്മികമോ യാദൃച്ഛികമോ അല്ല, മറിച്ച് സ്വന്തം രാഷ്ട്രീയ അജണ്ടക്ക് ഗുണം ചെയ്യുന്ന തരത്തില്‍ രാജ്യത്തെ നിയന്ത്രണത്തിലാക്കാന്‍ ഭരണകൂടം കരുതിക്കൂട്ടി തയ്യാറാക്കിയ തന്ത്രത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.
ഒരു സ്വതന്ത്ര സ്ഥാപനമായി തുടരുന്നതില്‍ ജുഡീഷ്യറി ദയനീയമായി പരാജയപ്പെടുന്നുവെന്നത് വ്യക്തമാണ്. സുപ്രീംകോടതിയെ സര്‍ക്കാര്‍ അനുകൂല ജഡ്ജിമാരുമായി ബന്ധിപ്പിക്കുന്നതിന് ഊര്‍ജ്ജം ചെലവഴിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കേസുകള്‍ കേള്‍ക്കാന്‍ ബെഞ്ചുകള്‍ രൂപീകരിക്കുന്നതിനുള്ള ചീഫ് ജസ്റ്റിസിന്റെ അധികാരം സുതാര്യമല്ലാതായെന്നും ഇത് നിയമസംവിധാനത്തെ പ്രതികൂലമായി ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഒരു പ്രത്യേകതരം ചീഫ് ജസ്റ്റിസും ഒരുപിടി ‘വിശ്വസനീയ’ ജഡ്ജിമാരും മതിയാകും ഒരു സ്വതന്ത്ര ജുഡീഷ്യറിയെ നശിപ്പിക്കാന്‍ അദ്ദേഹം പറഞ്ഞു. വാസ്തവത്തില്‍, ഇപ്പോള്‍ ഇന്ത്യയില്‍ ഇത് നടന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കോടതിയിലെ സ്വതന്ത്രരും യോഗ്യതയുള്ളതുമായ ജഡ്ജിമാരെ സ്വകാര്യ തര്‍ക്കങ്ങള്‍ പരിഗണിക്കുന്നതിലേക്ക് തരംതാഴ്ത്തുകയും അപ്രധാനമായ കേസുകള്‍ മാത്രം നല്‍കുകയും ചെയ്യുന്നുവെന്നും ഷാ ചൂണ്ടിക്കാട്ടി.