X
    Categories: MoreViews

‘അറസ്റ്റ് ചെയ്ത് ജയിലിടക്കൂ’ – ജ. കര്‍ണന്‍

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ നടപടി നേരിടുന്ന കല്‍ക്കട്ട ഹൈക്കോടതിയിലെ വിവാദ ജഡ്ജ് ജസ്റ്റിസ് കര്‍ണന്‍ സുപ്രീംകോടതിയില്‍ ഹാജരായി. 20 ജഡ്ജുമാര്‍ക്കെതിരെ ഉന്നയിച്ച ആരോപണത്തില്‍ മാപ്പു പറയില്ലെന്ന് ആവര്‍ത്തിച്ച അദ്ദേഹം ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റു ചെയ്ത് ജയിലിലടക്കൂ എന്നും വെല്ലുവിളിച്ചു. കേസില്‍ ഇനിയൊരിക്കല്‍ കൂടി കോടതിയില്‍ ഹാജരാകില്ലെന്നും ചീഫ് ജസ്റ്റിസ് ജഗ്ദീഷ് സിങ് ഖേഹാര്‍ അധ്യക്ഷനായ അഞ്ചംഗ ബഞ്ചിനു മുമ്പാകെ അദ്ദേഹം പറഞ്ഞു.

കല്‍ക്കട്ട ഹൈക്കോടതിയിലെ തന്റെ ജുഡീഷ്യല്‍ അധികാരങ്ങള്‍ എടുത്തു കളഞ്ഞ സുപ്രീം കോടതി നടപടി അംഗീകരിക്കാനാവില്ല. തന്റെ അന്തസ്സിനെയാണ് അതു ബാധിച്ചത്- അദ്ദേഹം കുറ്റപ്പെടുത്തി.
ആരോപണത്തില്‍ സത്യവാങ്മൂലം നല്‍കാനാണ് കോടതി ജസ്റ്റിസ് കര്‍ണനോട് ആവശ്യപ്പെട്ടിരുന്നത്. അത് അദ്ദേഹം ഇന്നലെ സമര്‍പ്പിച്ചില്ല. നാലാഴ്ചക്കുള്ളില്‍ കോടതി നല്‍കിയ കോടതിയലക്ഷ്യ നോട്ടീസിന് മറുപടി നല്‍കമോ എന്ന ചോദ്യത്തിന് ‘ എന്റെ ജോലി പുനഃസ്ഥാപിക്കൂ. അല്ലെങ്കില്‍ അടുത്ത തവണ താന്‍ കോടതിയില്‍ ഹാജരാകില്ല. ഞാനൊരു തീവ്രവാദിയോ സാമൂഹ്യവിരുദ്ധനോ അല്ല’ – ബഞ്ചിനു മുമ്പാകെ അദ്ദേഹം പറഞ്ഞു.
20 ജഡ്ജിമാര്‍ക്കെതിരെ കര്‍ണന്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ അവസരമുണ്ടെന്ന് പറഞ്ഞാണ് ബഞ്ച് കോടതി നടപടികള്‍ ആരംഭിച്ചത്. ’20 ജഡ്ജിമാര്‍ക്കെതിരെയുള്ള നിലപാടില്‍ താങ്ങള്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോ?. അല്ലെങ്കില്‍ നിരുപാധികം മാപ്പു പറഞ്ഞ് പരാതി പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ’ – എന്നായിരുന്നു ബഞ്ചിന്റെ ചോദ്യം.
വാഗ്ദാനം നിരസിച്ച അദ്ദേഹം താന്‍ പരാതി ഉന്നയിച്ചത് നിയമപ്രകാരമാണ് എന്നു പറഞ്ഞു. ഈ വേളയില്‍ ‘ഒരു ജഡ്ജായിട്ടും താങ്കള്‍ക്ക് നടപടി ക്രമങ്ങള്‍ അറിയില്ലേ’ എന്നായിരുന്നു ബഞ്ചിന്റെ മറുചോദ്യം.
കോടതി നടപടികളില്‍ പങ്കെടുക്കാന്‍ ജസ്റ്റിസ് കര്‍ണന്‍ മാനസികമായി സജ്ജമാണോ എന്നായിരുന്നു ചീഫ് ജ്സ്റ്റിസിന്റെ ചോദ്യം. ‘അദ്ദേഹത്തിന്റെ (ജ. കര്‍ണന്‍) മനസ്സ് വ്യക്തമല്ലെന്ന് തോന്നുന്നു. എന്താണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കാന്‍ അദ്ദേഹത്തിനാകുന്നില്ല’ – ഖേഹാര്‍ നിരീക്ഷിച്ചു. ഈ വേളയില്‍ ‘അത്തരമൊരു ചോദ്യമേ ഉദിക്കുന്നില്ല എന്നും എല്ലാം സ്പഷ്ടമാണ്’ എന്നുമായിരുന്നു സര്‍ക്കാറിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗിയുടെ പ്രതികരണം. തനിക്ക് മാനസികവും ശാരീരികവുമായ ഒരു പ്രശ്‌നവുമില്ലെന്ന് കര്‍ണനും പറഞ്ഞു. ചീഫ് ജസ്റ്റിസിനു പുറമേ, ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകുര്‍, പി.സി ഘോഷെ, കുര്യന്‍ ജോസഫ് എന്നിവരടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
നേരത്തെ, ജഡ്ജിമാര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ കോടതിയില്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി കര്‍ണനോട് നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ അദ്ദേഹം ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. തനിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ചീഫ് ജ്സ്റ്റിസ് അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചാണ് ജസ്റ്റിസ് കര്‍ണന്‍ ‘കലി’ തീര്‍ത്തത്.

chandrika: