X

കാണം വിറ്റേ മതിയാകൂ ഇത്തവണ ഓണമുണ്ണാന്‍

കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ല് ഇത്തവണ മലയാളിയെ സംബന്ധിച്ചിടത്തോളം അന്വര്‍ത്ഥമാവുകയാണ്. നിത്യോപയോഗ സാധനങ്ങള്‍ക്കും പച്ചക്കറിക്കും ഗ്യാസിനും എന്ന് വേണ്ട മനുഷ്യന് ആവശ്യമുള്ള മുഴുവന്‍ സാധനങ്ങള്‍ക്കും പൊള്ളുന്ന വിലയാണ്. ഓണത്തിന് രണ്ടു ദിവസം ബാക്കി നില്‍ക്കെ പച്ചക്കറികള്‍ക്കും വില കുതിച്ചുയര്‍ന്നതോടെ ഇത്തവണ ഓണത്തിന്റെ ശോഭയ്ക്ക് മങ്ങലേല്‍ക്കുമെന്നതില്‍ സംശയമില്ല. പ്രകൃതിദുരന്തവും മറ്റു മൂലം അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി വരവ് ഗണ്യമായി കുറഞ്ഞതോടെ മുമ്പെങ്ങും ഇല്ലാത്ത വിലവര്‍ധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.

അരി വില കിലോക്ക് 50 എത്തിനില്‍ക്കുമ്പോഴാണ് ഇത്തവണ ഓണസദ്യ ഒരുക്കുന്നത്. പച്ചമുളക് മുതല്‍ ക്യാരറ്റ് വരെ എല്ലാ പച്ചക്കറികള്‍ക്കും പൊള്ളുന്ന വിലയാണ്. തക്കാളി, മുരിങ്ങക്ക, കിഴങ്ങ്, ഇഞ്ചി, പച്ചക്കായ, കാബേജ്, വെളുത്തുള്ളി, ബീന്‍സ്, വള്ളിപ്പയര്‍, വഴുതന, വെള്ളരി, വെണ്ട തുടങ്ങി എല്ലാ പച്ചക്കറികള്‍ക്കും വില വര്‍ധിച്ചു. 15 രൂപ മുതല്‍ 70 രൂപ വരെ വിലവര്‍ധന ഉണ്ടായി. ഉത്രാടത്തോടെ ഇനിയും വില കൂടുമെന്നല്ലാതെ കുറയുന്ന കാര്യം ആലോചിക്കുകയേ വേണ്ട എന്നാണ് വിപണിയില്‍ നിന്ന് ഉള്ള വിവരം.ഒരു കിലൊ ക്യാരറ്റിന് മൊത്ത വിപണിയില്‍ 100 രൂപയാണ് വില.ചില്ലറ വില്‍പനക്കാര്‍ 120 വരെ വാങ്ങുന്നുണ്ട്്.മുരിങ്ങക്കയും കിലോക്ക് നൂറ് കടന്നിരിക്കയാണ്.

ഒരാഴ്ച മുമ്പ് ഒരു കിലോ തക്കാളിക്ക് 20 രൂപയായിരുന്നത് ഇപ്പോള്‍ 50 രൂപയായി. സവാളയും 25ല്‍ നിന്ന് 60ല്‍ എത്തി. ചുവന്നുള്ളി കിലോക്ക് 85 രൂപയാണ്. കഴിഞ്ഞയാഴ്ച 50 രൂപയുണ്ടായിരുന്ന ഇഞ്ചിക്ക് 75രൂപയായി വര്‍ധിച്ചു. പച്ചക്കായ 70, വെളുത്തുള്ളി 50, ബീന്‍സ് 50, വെണ്ടയ്ക്ക 60 പാവയ്ക്ക 70 മത്തങ്ങ 40 വെള്ളരി 50 പച്ചമുളക് 60 എന്നിങ്ങനെയാണ് പച്ചക്കറികള്‍ക്ക് വില.

അരിവിലയിലും വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞയാഴ്ച 46 രൂപ കിലോക്ക് ഉണ്ടായിരുന്ന ജയന്തി അരിക്ക്് 51ആയി.വില കുറവുണ്ടായിരുന്ന ക്രാന്തി ഉണ്ടയരിക്ക് 42 രൂപ ഇപ്പോള്‍ കൊടുക്കണം. ഉഴുന്നിന് കിലോക്ക് 122 രൂപയും പരിപ്പിന് 120 രൂപയുമാണ് വില.
പഞ്ചസാര കിലോക്ക് അഞ്ചു രൂപ വര്‍ദ്ധിച്ച നാല്പതിലെത്തിയപ്പോള്‍ ശര്‍ക്കര പത്തു രൂപ വര്‍ദ്ധിച്ച് കിലോക്ക് 55 രൂപയില്‍ എത്തി.
പാചകവാതക വിലകൂടി വര്‍ധിച്ചതോടെ ഓണത്തിന് കാര്യമായ അധ്വാനം അടുക്കളയില്‍ ഉണ്ടാകില്ലെന്നിടത്തേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. 14.2 കിലോ ഭാരമുള്ള സിലിണ്ടറിന് 1060 രൂപയാണ് ഇപ്പോഴത്തെ വില.

വന്‍ വിലവര്‍ധനയായതോടെ അത്യാവശ്യ വിഭവങ്ങളില്‍ ഓണം ഒതുക്കി നിര്‍ത്താന്‍ ആണ് വീട്ടമ്മമാര്‍ തീരുമാനിക്കുന്നത്. ശര്‍ക്കര വരട്ടിയും ഉപ്പേരിയും അടക്കമുള്ളവ പുറമേനിന്ന് വാങ്ങാമെന്ന് വച്ചാലും അതിനും പൊള്ളുന്ന വിലയാണ്. ഓണം അടുത്തതോടെ കാറ്ററിംഗ് വിഭാഗവും സദ്യക്ക് വില വര്‍ദ്ധിപ്പിച്ചു. സാധാരണ സദ്യക്ക് 200 നു മേല്‍ വരെ ചാര്‍ജ് ചെയ്യുകയാണ് കാറ്ററിങ് കമ്പനികള്‍.നേരത്തെ 160 രൂപയ്ക്ക് സദ്യ നല്‍കാമെന്ന് ഏറ്റിരുന്ന പല കാറ്ററിംഗ് കമ്പനികളും ഒരാഴ്ചയ്ക്കിടെ പച്ചക്കറിക്ക് അടക്കം ഉണ്ടായ വന്‍വില വര്‍ദ്ധനയോടെ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്.

Test User: