X

മോദി ഉദ്‌ഘാടനം ചെയ്‌ത്‌ മാസങ്ങൾ മാത്രം; 18,000 കോടിയുടെ അടൽ സേതുവിൽ വിള്ളൽ

രാജ്യത്തെ ഏറ്റവും നീളംകൂടിയ കടല്‍പ്പാലമായ ‘അടല്‍ സേതു’ വില്‍ വിള്ളല്‍. നവി മുംബൈയിലെ അടല്‍ ബിഹാരി വാജ്പേയി സെവ്രി-നവ സേവ അടല്‍ സേതു നഗരവുമായി ബന്ധിപ്പിക്കുന്ന സര്‍വീസ് റോഡിലാണ് വിള്ളലുകള്‍ ഉണ്ടായിരിക്കുന്നത്. അടല്‍ സേതുവും നഗരവും തമ്മില്‍ ബന്ധിപ്പിക്കുന്ന താല്‍ക്കാലിക പാതയാണ് ഈ സര്‍വീസ് റോഡ്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത് അഞ്ച് മാസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് സംഭവം. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെ, മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ സ്ഥലത്ത് പരിശോധന നടത്തി. ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകാന്‍ സാധ്യതയുണ്ടെന്ന് ആവര്‍ത്തിച്ച നാനാ പടോലെ പാലത്തിന്റെ നിര്‍മാണത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

എന്നാല്‍, അടല്‍ സേതു പദ്ധതി മേധാവി കൈലാഷ് ഗണത്ര റിപ്പോര്‍ട്ടുകള്‍ തള്ളി. പുതുതായി ഉദ്ഘാടനം ചെയ്ത അടല്‍ സേതുവില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നും നഗരവുമായി ബന്ധിപ്പിക്കുന്ന സര്‍വീസ് റോഡിലാണ് വിള്ളലുകള്‍ ഉണ്ടായതെന്നുമാണ് കൈലാഷ് ഗണത്ര പറയുന്നത്.

തീരദേശപാതയില്ലാത്തതിനാല്‍ അവസാനനിമിഷം താത്കാലികമായി ബന്ധിപ്പിക്കുന്ന പാതയായാണ് സര്‍വീസ് റോഡ് നിര്‍മിച്ചതെന്നും അദ്ദേഹം പറഞ്ഞു. മഴയെ തുടര്‍ന്നുണ്ടായ ചെറിയ വിള്ളലുകള്‍ മാത്രമാണെന്നും നാളെ വൈകുന്നേരത്തോടെ ഇവ നികത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുംബൈ നഗരത്തെയും നവി മുംബൈയെയും നേരിട്ടു ബന്ധിപ്പിക്കുന്ന 22 കിലോമീറ്റര്‍വരുന്ന കടല്‍പ്പാലം ജനുവരി 13-നാണ് ഗതാഗതത്തിനായി തുറന്നത്. 18,000 കോടി രൂപ ചെലവില്‍ താനെ കടലിടുക്കിന് കുറുകെ മുബൈയേയും നവിമുംബൈയേയും ബന്ധിപ്പിച്ച് നിര്‍മിച്ച പാലത്തിന് 21.8 കിലോമീറ്ററാണ് നീളം. ലോകത്തെ തന്നെ ഏറ്റവും നീളമേറിയ 12-ാമത്തെ പാലമെന്ന റെക്കോര്‍ഡും അടല്‍ സേതു സ്വന്തമാക്കിയിട്ടുണ്ട്.

webdesk13: