X

എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത ഇനി ഓര്‍മ്മ

ടോക്കിയോ: എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത ജുങ്കോ താബേ അന്തരിച്ചു. 77 വയസായിരുന്നു. വടക്കന്‍ ടോക്കിയോയിലെ സായിത്മാ ആസ്പത്രിയിലായിരുന്നു അന്ത്യം. ജാപ്പനീസ് പര്‍വ്വതാരോഹകയായ താബേ നാലു വര്‍ഷമായി ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പര്‍വ്വതാരോഹണത്തിനുവേണ്ടി ഉഴിഞ്ഞുവെച്ചതായിരുന്നു അവരുടെ ജീവിതം.

70ലേറെ രാജ്യങ്ങളിലെ ഏറ്റവും ഉയരംകൂടി പര്‍വ്വതങ്ങളിലെല്ലാം താബേ കയറിയിട്ടുണ്ട്. 1939ല്‍ ഫുകുഷിമയിലെ മിഹാരു ഗ്രാമത്തിലായിരുന്നു ജനനം. പത്താമത്തെ വയസിലായിരുന്നു ആദ്യ പര്‍വതാരോഹണം. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ അധ്യാപക സഹായത്തോടെ 6289 അടി ഉയരമുള്ള നാസു പര്‍വ്വതം താബേ കീഴക്കി.

സ്ത്രീകളുടെ സ്ഥാനം വീട്ടിലാണെന്ന് വിശ്വസിച്ചിരുന്ന ഒരു കാലത്ത് ജാപ്പനീസ് സമൂഹത്തിന്റെ സങ്കല്‍പങ്ങളെ മുഴുവന്‍ മാറ്റിമറിച്ചാണ് അവര്‍ പര്‍വ്വതാരോഹണം തെരഞ്ഞെടുത്തത്. ഭര്‍ത്താവിന്റെ പിന്തുണ താബേക്ക് കരുത്തു പകര്‍ന്നു. 1969ല്‍ ലേഡീസ് ക്ലൈമ്പിങ് ക്ലബ്ബ് സ്ഥാപിച്ചു.


Dont miss: നൃത്താവതരണത്തിനിടെ നടി വേദിയില്‍ കുഴഞ്ഞു വീണു മരിച്ചു

1972ല്‍ പര്‍വ്വതാരോഹകയായി ജപ്പാനില്‍ പ്രശസ്തിയിലേക്കുയര്‍ന്നു. ആല്‍പ്‌സ് പര്‍വ്വതനിരകളിലെ ഫ്യൂജി ഉള്‍പ്പെടെയുള്ള രണ്ട് പര്‍വ്വതങ്ങള്‍ അതിനകം കീഴടക്കി. 1975 മെയ് നാലിനാണ് താബേയും സംഘവും എവറസ്റ്റിലേക്ക് തിരിച്ചത്. മെയ് പതിനാറിന് എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതയായി ചരിത്രം കുറിക്കുകയും ചെയ്തു.

താന്‍സാനിയയിലെ കിളിമഞ്ചാരോ, അമേരിക്കയിലെ മക്കിന്‍ലേ, അന്റാര്‍ട്ടിക്കയിലെ വിന്‍സണ്‍ മാസിഫ് തുടങ്ങി നിരവധി കൊടുമുടികള്‍ താബേയുടെ കാല്‍ക്കീഴില്‍ വന്നു.
ലോകത്തെ എല്ലാ ഉയരംകൂടിയ പര്‍വ്വതങ്ങളും കയറണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നു. അര്‍ബുദം സ്ഥിരീകരിച്ച ശേഷവും അവര്‍ പര്‍വ്വതാരോഹണത്തില്‍നിന്ന് മാറി നിന്നില്ല.
കഴിഞ്ഞ ജൂലൈയില്‍ കുട്ടികളോടൊപ്പം ജപ്പാനിലെ ഫ്യൂജി കൊടുമുടി കയറി. അതു തന്നെയായിരുന്നു അവസാനത്തെ പര്‍വ്വതാരോഹണവും.

chandrika: