വാഷിങ്ടണ്‍: ഡെമോക്രാറ്റിക് നേതാവും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഹിലരി ക്ലിന്റനെ പ്രതിരോധത്തിലാക്കുന്ന രഹസ്യ വിവരങ്ങള്‍ നല്‍കാമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് റഷ്യന്‍ അഭിഭാഷകയായ നതാലിയ വെസല്‍നിത്സ്‌കായെ കണ്ടതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ ജൂനിയര്‍ ട്രംപ്.
എന്നാല്‍ പിതാവിന്റെ എതിരാളിയായിരുന്ന ഹിലരിയെക്കുറിച്ച് അര്‍ത്ഥവത്തായ വിവരമൊന്നും നതാലിയ തന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപിന്റെ മരുമകന്‍ ജാരെദ് കുഷ്‌നറും പ്രചാരണ വിഭാഗം ചെയര്‍മാന്‍ പോള്‍ ജെ. മാനഫോര്‍ടും അഭിഭാഷകയുമായുള്ള കൂടിക്കാഴ്ചയില്‍ ട്രംപ് ജൂനിയറോടൊപ്പമുണ്ടായിരുന്നു.
ട്രംപ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി രണ്ടാഴ്ചക്കു ശേഷം 2016 ജൂണ്‍ ഒമ്പതിന് ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍നടന്ന കൂടിക്കാഴ്ചയെക്കുറിച്ചുള്ള ട്രംപ് ജൂനിയറിന്റെ ആദ്യ പ്രസ്താവനക്ക് വിരുദ്ധമാണ് പുതിയ വെളിപ്പെടുത്തല്‍. റഷ്യന്‍ കുട്ടികളെ ദത്തെടുക്കുന്നതിനെക്കുറിച്ചാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഹിലരിയെക്കുറിച്ചുള്ള രഹസ്യ വിവരം തേടിയാണ് തങ്ങള്‍ നതാലിയയെ കണ്ടതെന്ന് ജൂനിയര്‍ ട്രംപ് സമ്മതിച്ചതായി ന്യൂയോര്‍ക്ക് ടൈസ് റിപ്പോര്‍ട്ടു ചെയ്തു.
2013ലെ ലോക സൗന്ദര്യ മത്സരത്തിനിടെ പരിചയപ്പെട്ട ഒരാളാണ് കൂടിക്കാഴ്ചക്ക് സൗകര്യമൊരുക്കിയതെന്നും ജൂനിയര്‍ ട്രംപ് വെളിപ്പെടുത്തി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സഹായകമായ വിവരങ്ങള്‍ നല്‍കിയേക്കാവുന്ന ഒരാളെ കാണണമെന്നാണ് തന്നോട് പറഞ്ഞിരുന്നതെന്നും പുതിയ വിശദീകരണത്തില്‍ അദ്ദേഹം പറയുന്നു.