കോട്ടയം: പാലായിലെ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ഹാമര്‍ ത്രോ മത്സരത്തിനിടെ ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. ഈരാറ്റുപേട്ട സ്വദേശി അഫീല്‍ ജോണ്‍സണാണ് മരിച്ചത്. ഒക്ടോബര്‍ നാലിനാണ് അത്‌ലറ്റിക് മീറ്റിനിടെ അഫീലിന്റെ തലയില്‍ ഹാമര്‍ വീണത്. പാല സെന്റ് തോമസ് ഹയര്‍സെക്കന്റി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു അഫീല്‍.
അത്‌ലറ്റിക് മീറ്റിലെ വളണ്ടിയറായിരുന്ന അഫീല്‍ ജോണ്‍സണ്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ജൂനിയര്‍ അത്‌ലറ്റിക് മീറ്റിന്റെ ആദ്യദിനത്തില്‍ ജാവലിന്‍, ഹാമര്‍ ത്രോ മത്സരങ്ങള്‍ നടക്കുന്നതിനിടെ ഗ്രൗണ്ടില്‍ വീണ ജാവലിനുകള്‍ എടുത്ത് മാറ്റാന്‍ നിന്ന അഫീല്‍ ജോണ്‍സന്റെ തലയിലേക്ക് എതിര്‍ദിശയില്‍ നിന്ന് ഹാമര്‍ വന്ന് പതിക്കുകയായിരുന്നു. തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ അഫീലിനെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സക്കിടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായെങ്കിലും പനി ബാധിക്കുകയായിരുന്നു. ന്യൂമോണിയ ബാധയെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്.