ജുനൈദ് കൊലക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. നരേഷ് കുമാറിനാണ് കോടതി ജാമ്യം നല്‍കിയത്. 2017 ജൂലൈ 8 മുതല്‍ ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. ഇതോടെ കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചു.
ജസ്റ്റിസ് ദയ ചൗധരിയാണ് നരേഷ് കുമാറിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി പ്രതി ജയിലിലാണെന്നും അതുകൊണ്ട് തന്നെ ഇടക്കാലജാമ്യത്തിന് അര്‍ഹതയുണ്ടെന്നും പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
ജൂണ്‍ 7ന് ഫരീദാബാദ് സെഷന്‍ കോടതി നരേഷിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രതിയ്ക്ക് നേരെ ചുമത്തിയിരിക്കുന്ന ഗുരുതര വകുപ്പുകളാണെന്നും ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും കാണിച്ചായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്.
ജുനൈദിനെ കുത്തിയതായി പ്രതി പൊലീസിനോട് സമ്മതിച്ചിരുന്നു. എന്നാല്‍ കുത്തേറ്റ കിടന്ന ജുനൈദിനെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറാകാത്തതിനെ തുടര്‍ന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചതെന്നായിരുന്നു പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് പൊലീസ് വാര്‍ത്താ സമ്മേളനം വിളിച്ച് പറഞ്ഞിരുന്നത്.ദല്‍ഹിയിലെ സദര്‍ ബസാറില്‍ നിന്ന് ഈദ് ആഘോഷത്തിനാവശ്യമായ സാധനങ്ങള്‍ വാങ്ങി മടങ്ങുമ്പോഴാണു ജുനൈദും സഹോദരങ്ങളായ ഹാഷീം, സക്കീര്‍, മുഹ്സിന്‍ എന്നിവരും ആക്രമണത്തിനിരയായത്.
ബീഫ് കഴിക്കുന്നവരെന്നു പറഞ്ഞായിരുന്നു ആക്രമണം. ട്രെയിന്‍ ഓഖ്ല സ്റ്റേഷനിലെത്തിയപ്പോള്‍ ഇരുപത്തഞ്ചോളം ആളുകള്‍ തള്ളിക്കയറി. ജുനൈദിനോടും സഹോദരങ്ങളോടും മാറിയിരിക്കാന്‍ സംഘം ആവശ്യപ്പെട്ടു. എന്തിനാണെന്നു ചോദിച്ചപ്പോള്‍ ധരിച്ചിരുന്ന തൊപ്പി ചൂണ്ടിക്കാട്ടി സംഘം അസഭ്യവര്‍ഷം തുടങ്ങി. ദേശസ്നേഹം ഇല്ലാത്തവര്‍, പാക്കിസ്ഥാനികള്‍, മാട്ടിറച്ചി കഴിക്കുന്നവര്‍ എന്നൊക്കെ വിളിച്ചാണ് ചീത്ത പറഞ്ഞതും തല്ലിയതും. ഇതിന് പിന്നാലെ നരേഷ് കുമാര്‍ എന്നയാള്‍ കത്തിയെടുത്ത് ജുനൈദിനെ കുത്തുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു.