മലപ്പുറം: ട്രെയിന്‍ യാത്രക്കിടെ സംഘ് പരിവാര്‍ ഭീകരര്‍ കൊലപ്പെടുത്തിയ ജുനൈദിന്റെ കുടുംബം മുസ്‌ലിംലീഗ് ചെയ്തുതന്ന സഹായങ്ങള്‍ക്ക് നന്ദിവാക്കുകളുമായി മലപ്പുറത്ത്. മകന്റെ മരണത്തെ തുടര്‍ന്നുണ്ടായ നിയമപോരാട്ടങ്ങള്‍ക്കും മറ്റു സഹായങ്ങള്‍ക്കും നന്ദിപറയാന്‍ മാതാവ് സൈറയും സഹോദരനും ബന്ധുക്കളുമടങ്ങുന്ന സംഘം മുസ്‌ലിംലീഗ് രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെയും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിഎം.പിയെയും കണ്ടു. എല്ലാ സഹായങ്ങള്‍ നല്‍കാന്‍ മുസ്‌ലിംലീഗ് സന്നദ്ധമാണെന്ന് ഹൈദരലി തങ്ങള്‍ അറിയിച്ചു.
ജുനൈദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് വരുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദലിത്-ന്യൂനപക്ഷ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച സഭ തീരുമാനിച്ചിട്ടുണ്ട്. ഒരു ദിവസം നീളുന്ന ചര്‍ച്ചയില്‍ ജുനൈദിന്റെ കുടുംബത്തിന്റെ വേദനയും സഭയില്‍ പങ്കുവെക്കും-അദ്ദേഹം പറഞ്ഞു. ഇളയ സഹോദരന്‍ ഫൈസല്‍, സഹോദരീ ഭര്‍ത്താവ് മുഹമ്മദ് നഫീസ്, ബന്ധുക്കളായ മുഹമ്മദ് അസ്ഹറുദ്ദീന്‍, അബ്‌റാര്‍ എന്നിവരാണ് മലപ്പുറത്തെത്തിയത്. ഹരിയാന സര്‍ക്കാര്‍ ജുനൈദിന്റെ നീതിക്ക് വേണ്ടി നില്‍ക്കുന്നു എന്ന് പറയുന്നുണ്ടെങ്കിലും അതില്‍ ആത്മാര്‍ഥതയില്ലെന്ന് ജുനൈദിന്റെ മാതാവ് പറഞ്ഞു.
പ്രതികളും സര്‍ക്കാരും ഒരേ പാര്‍ട്ടിക്കാരാണെന്നത് അന്വേഷണത്തെ ബാധിക്കുമെന്ന ആശങ്കയുണ്ടെന്നും അവര്‍ പറഞ്ഞു. കേസ് വഴി തിരിച്ചുവിടാനുള്ള ശ്രമം നടക്കുന്നുവെന്ന ആശങ്കയും ജുനൈദിന്റെ കുടുംബം പങ്കുവെച്ചു.
സീറ്റ് തര്‍ക്കത്തെ തുടര്‍ന്നുള്ള കൊലപാതകമല്ല നടന്നതെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണ്. ട്രെയിനില്‍ സീറ്റ് ചോദിച്ചവര്‍ക്ക് ജുനൈദ് ഇരിക്കാന്‍ സ്ഥലം നല്‍കിയതാണ്. എന്നാല്‍ ഇവരുടെ ഭാഗത്തു നിന്ന് തീര്‍ത്തും വര്‍ഗീയമായ പ്രതികരണമാണ് ഉണ്ടായത്. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതും- ജുനൈദിന്റെ ബന്ധുക്കള്‍ ആരോപിച്ചു. യൂത്ത്‌ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈറി നൊപ്പമാണ് ജുനൈദിന്റെ കുടുംബം മലപ്പുറ ത്തെത്തിയത്.