X

ജുനൈദ് വധം: കേസ് പിന്‍വലിക്കാന്‍ ഖാപ് പഞ്ചായത്തുകളുടെ ഭീഷണി

ന്യൂഡല്‍ഹി: ബീഫ് കഴിച്ചുവെന്നാരോപിച്ച് ട്രെയിനില്‍ വെച്ച് ഹിന്ദുത്വവാദികള്‍ കുത്തിക്കൊന്ന ഹരിയാന ബല്ലബ്ഖഡ് സ്വദേശി ഹാഫിസ് ജുനൈദിന്റെ കുടുംബത്തിനു നേരെ കേസ് പിന്‍വലിക്കാന്‍ ഖാപ് പഞ്ചായത്തുകളുടെ ഭീഷണി. ഹരിയാനയിലേയും പശ്ചിമ ഉത്തര്‍പ്രദേശിലേയും ദലിത്-സ്ത്രീവിരുദ്ധ കുറ്റകൃത്യങ്ങളെ സാധൂകരിക്കുകയും മുസ്‌ലിം വിരുദ്ധ കലാപങ്ങള്‍ക്ക് പലതവണ ആഹ്വാനം ചെയ്യുകയും ചെയ്ത ചരിത്രമുള്ള നിയമവിരുദ്ധ കോടതി സംവിധാനമാണ് ഖാപ് പഞ്ചായത്തുകള്‍.

ജുനെദിന്റെ കുടുംബം താമസിക്കുന്ന പ്രദേശത്തിനു ചുറ്റുപാടും ജാട്ട് സമുദായംഗങ്ങളുടെ ശക്തി കേന്ദ്രമാണ്. അതിനാല്‍ ജാട്ട് ഖാപ് പഞ്ചായത്തുകളുടെ ഭീഷണി ഗൗരവമേറിയതായാണ് വിലയിരുത്തപ്പെടുന്നത്. ഒക്ടോബര്‍ പതിനഞ്ചിനു ഖാന്‍ഡി ഖാപ് പഞ്ചായത്ത് തലവന്‍മാര്‍ ജുനൈദിന്റെ ഗ്രാമമായ ഖണ്ഡാവലി ഗ്രാമത്തിലെത്തുകയായിരുന്നു. ഏന്നാല്‍ ജുനൈദിന്റെ കുടുംബാംഗങ്ങള്‍ അവരുമായി സംസാരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ വീണ്ടും പഞ്ചായത്ത്് കൂടി തങ്ങളുടെ കുടുംബത്തെ ഭയപ്പടുത്തി കേസില്‍നിന്നും പന്‍വലിക്കാനാണവര്‍ ശ്രമിക്കുന്നതെന്ന് ജുനൈദിന്റ പിതാവ് ജലാലുദ്ദീന്‍ പറഞ്ഞു.

പിതാവ് ഹൃദ്രോഗ സംബന്ധമായ ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലാണ്. നൂറോളം ഗ്രാമങ്ങളുടെ ഗ്രാമതലവന്‍മാര്‍ ചേര്‍ന്ന് ഒക്ടോബര്‍ 22ന് ഖാപ്മഹാപഞ്ചായത്ത്് ചേരാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ബല്ലബ്ഗഢ്് പോലീസ് കമ്മീഷണര്‍ ഹനീഫ് ഖുറേഷി ഇടപെട്ടത്് കൊണ്ടാണത്് നടക്കാതെ പോയതെന്നും ജുനൈദിന്റെ കൂടുംബം പറയുന്നു. സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും പ്രതികള്‍ക്കെതിരെ ശക്തമാണെന്നതിനാല്‍ പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുമെന്നതാണ് അവരെ പ്രകോപിപിക്കുന്നെതന്നാണ് കരുതുന്നത്.

കോടതിക്ക് പുറത്ത് കേസ് ഒത്ത്തീര്‍പ്പാക്കിയാല്‍ ഗ്രാമത്തില്‍ സമാധാനം നിലനില്‍ക്കുമെന്നാണവര്‍ ഭീഷണി സ്വരത്തില്‍ പറഞ്ഞ് വെക്കുന്നതെന്നും ജുനൈദിന്റെ പിതാവ് ചന്ദ്രികയോട് പറഞ്ഞു. 2017 ജൂണ്‍ 22നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

ഡല്‍ഹിയിലെ സദര്‍ ബസാറില്‍നിന്നും ഹരിയാനയിലെ ബല്ലബ്ഗഢിലേക്ക് തീവണ്ടി കയറിയ ജുനൈദ് അടക്കമുള്ളവരെ ജനക്കുട്ടം വംശീയ അധിക്ഷേപമുന്നയിച്ച് ആക്രമിക്കുകയായിരുന്നു. അക്രമികള്‍ ജുനൈദിനെ കുത്തിപ്പരിക്കേല്‍പിക്കുകയും പ്ലാറ്റ്‌ഫോമില്‍വെച്ച് ചോരവാര്‍ന്ന് കൊല്ലപ്പെടുകയുമായിരുന്നു. രാജ്യത്ത് ബീഫിന്റെ പേരില്‍ ആള്‍കൂട്ട കൊലപാതകങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കൗമാരക്കാരനായ ജുനൈദിന്റെ കൊലപാതകത്തില്‍ രാജ്യാന്തരതലത്തില്‍ പോലും പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നു. പോലീസ് ആറു പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.

ഇതില്‍ നാലു പേര്‍ക്ക് ഇതിനകം ജാമ്യം ലഭിച്ചിട്ടുണ്ട്. രണ്ട് പേര്‍ക്കെതിരെ കൊലക്കുറ്റത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നാലുപേര്‍ക്ക് ഫരീദാബാദ് സെഷന്‍ കോടതി ജാമ്യം അനുവദിച്ചതിനെതിരെ ജുനൈദിന്റെ പിതാവ് ഹരിയാന ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിച്ചുണ്ട്. ഹരിയാന പൊലീസിന്റെ കേസന്വേഷണത്തില്‍ തങ്ങള്‍ക്ക് തൃപ്തിയില്ലന്ന് കാണിച്ച് സി. ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ജുനൈദിന്റെ കുടുംബം സമര്‍പ്പിച്ച ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

chandrika: