ഷംസീര്‍ കേളോത്ത്
ന്യൂഡല്‍ഹി: ജുനൈദ് കൊലപാതക കേസില്‍ പ്രതിഭാഗത്തെ സഹായിച്ചെന്ന് ആരോപണവിധേയനായ ഹരിയാന അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ നവീന്‍ കൗശിക്ക് രാജിവച്ചു. ജുനൈദ് കേസ് വാദം കേള്‍ക്കുന്ന ഫരീദാബാദ് കോടതി ഒക്ടോബര്‍ ഇരുപത്തിയഞ്ചിനു പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ എ.എ.ജി യുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രാജി സ്വീകരിക്കാന്‍ താന്‍ സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചതായി അഡ്വക്കറ്റ് ജനറല്‍ ബല്‍ദേവ് രാജ് മഹാജന്‍ പറഞ്ഞു. ഭാരതീയ ഭാഷകളെ കോടതി വ്യവഹാരങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന ഭാരതീയ ഭാഷാ അഭിയന്‍ ഏന്ന സംഘടനയുടെ ഭാരവാഹിയായ താന്‍ അതുമായി ബന്ധപ്പെട്ട കാര്യത്തിനാണ് കോടതിമുറിയില്‍ പോയതെന്നാണ് നവീന്‍ കൗശിക് വാദിക്കുന്നത്. ഏന്നാല്‍ കോടതിയില്‍ പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ പ്രതിഭാഗം വക്കീലിന് നിയമോപദേശം നല്‍കുക എന്നത് അഭിഭാഷകവൃത്തിക്ക് യോജിച്ചതല്ലെന്നും ഇത്തരം നടപടി ഇരയുടെ കക്ഷികളില്‍ അരക്ഷിത ബോധം സൃഷ്ടിക്കുമെന്നും ഫരീദാബാദ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വൈ എസ് രാത്തോഡ് ഇടക്കാല ഉത്തരവില്‍ പറഞ്ഞിരുന്നു. സര്‍ക്കാറിനോടും ബാര്‍കൗണ്‍സിലിനോടും അഭിഭാഷകനെതിരെ നടപടിയുടുക്കാന്‍ ഇടക്കാല ഉത്തരവില്‍ കോടതി ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ ഭാഗത്ത് നിന്ന് രൂക്ഷ വിമര്‍ശനമുണ്ടായതിനെ തുടര്‍ന്നാണ് നവീന്‍ കൗശിക്കിനുമേല്‍ രാജി സമ്മര്‍ദ്ദം ശക്തമായത്. സംഘപരിവാരവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് അഡ്വ.നവീന്‍ കൗശിക്. ആര്‍ഏസ്ഏസ് അനുനകൂല അഭിഭാഷക സംഘടനയായ ആദിവക്ത പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണദ്ദേഹം. 2014 പൊതുതിരഞ്ഞടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി ചാനല്‍ ചര്‍ച്ചകളിലും പങ്കെടുത്തിരുന്നു.
അതേസമയം കേസന്വേഷണം ഹരിയനാ പോലീസില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ജുനൈദിന്റെ പിതാവ് ജലാലുദ്ദീന്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹൈകോടതിയിലുള്ള ഹരജിയില്‍ തീര്‍പ്പ് വരുന്നത് വരെ കീഴ്‌ക്കോടതിയിലെ വാദം കേള്‍ക്കല്‍ നിര്‍ത്തിവെക്കണമെന്ന് കോടതിയല്‍ ആവശ്യപ്പെടുമെന്നു ജുനൈദിന്റെ കുടുംബത്തിനു വേണ്ടി കേസില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. ആര്‍ എസ് ചീമ പറഞ്ഞു. ഈ വര്‍ഷം ജൂണിലാണ് ഹരിയാന കാണ്ഡവാലി സ്വദേശിയായ ജുനൈദ് ഖാന്‍ ഡല്‍ഹിയില്‍ നിന്ന് ഈദ് ഷോപ്പിംഗ് നടത്തി ട്രയിനില്‍ സഹോദരങ്ങളോടപ്പം മടങ്ങവെ കൊല ചെയ്യപ്പെട്ടത്.