X

ജുമാ മസ്ജിദ് സംരക്ഷിത പദവി തീരുമാനം; കാണാതായ ഫയൽ ഹാജരാക്കാൻ കേന്ദ്രത്തോട് ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

മുഗള്‍ ഭരണകാലത്തെ ചരിത്രപ്രസിദ്ധമായ ഡല്‍ഹി ജുമാ മസ്ജിദ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കേണ്ടതില്ലെന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ തീരുമാനമടങ്ങിയ ഫയല്‍ ഹാജരാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തോടും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോടുമാണ് ഹൈക്കോടതി ഉത്തരവിട്ടത്.

നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജസ്റ്റിസുമാരായ പ്രതിബ എം. സിങ്, അമിത് ശര്‍മ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ‘ കാണാതായ രേഖകള്‍ നിങ്ങളുടെ കസ്റ്റഡിയിലുള്ള പ്രധാനപ്പെട്ട രേഖകളാണ്. നിങ്ങള്‍ അവ സുരക്ഷിതമായി സൂക്ഷിക്കണം. ഇത് വളരെ ഗുരുതരമാണ്, രേഖകള്‍ നഷ്ടപ്പെട്ടാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഞങ്ങള്‍ നടപടിയെടുക്കും’ ബെഞ്ച് വ്യക്തമാക്കി.

ജുമാ മസ്ജിദിനെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കാനും അതിനു ചുറ്റുമുള്ള എല്ലാ കയ്യേറ്റങ്ങളും നീക്കം ചെയ്യാനും അധികാരികളോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജികള്‍ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ജുമാ മസ്ജിദുമായി ബന്ധപ്പെട്ട സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഫയല്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാരില്‍ ഒരാളായ സുഹൈല്‍ അഹമ്മദ് ഖാന്‍ 2018 മാര്‍ച്ചില്‍ അപേക്ഷ നല്‍കിയിരുന്നു.

നേരത്തെ 2017 ഓഗസ്റ്റ് 23ന് രേഖകള്‍ ഹാജരാക്കാന്‍ മന്ത്രാലയത്തോട് ഉത്തരവിട്ടിരുന്നെന്നും 2018 ഫെബ്രുവരി 27ന് ഇത് വീണ്ടും ആവര്‍ത്തിച്ചതായും കോടതി ചൂണ്ടിക്കാട്ടി. 2018 മെയ് 21 ന് ഫയല്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഹാജരാക്കിയ ഫയലില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ യഥാര്‍ത്ഥ കത്ത് ഉണ്ടയായിരുന്നില്ല.

എല്ലാ രേഖകളും സഹിതമുള്ള ഒറിജിനല്‍ ഫയല്‍ സെപ്തംബര്‍ 27ന് നടക്കുന്ന അടുത്ത ഹിയറിങ്ങില്‍ ഹാജരാക്കണമെന്നും ഇല്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉത്തരവാദികളായിരിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. ‘ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയായാലും സാംസ്‌കാരിക മന്ത്രാലയമായാലും, ഒറിജിനല്‍ ഫയല്‍ അടുത്ത ഹിയറിങ്ങിന്റെ തീയതിയില്‍ ഹാജരാക്കണം. ഇല്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുന്നതാണ്,’ കോടതി പറഞ്ഞു.

ജുമാ മസ്ജിദ് കേന്ദ്ര സംരക്ഷിത സ്മാരകമല്ലാത്തതിനാല്‍ അത് എ.എസ്.ഐയുടെ പരിധിയില്‍ വരുന്നതല്ലെന്നും എ.എസ്.ഐ കോടതിയെ അറിയിച്ചിരുന്നു. ഒപ്പം ജുമാ മസ്ജിദ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കില്ലെന്ന് മന്‍മോഹന്‍ സിങ് ഷാഹി ഇമാമിന് ഉറപ്പ് നല്‍കിയതായി 2015 ഓഗസ്റ്റില്‍ എ.എസ്.ഐ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

‘2004ല്‍ ജുമാ മസ്ജിദിനെ കേന്ദ്ര സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കണമെന്ന വിഷയം ഉയര്‍ന്നിരുന്നു. എന്നാല്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഷാഹി ഇമാമിന് 2004 ഒക്ടോബര്‍ 20 ന് അയച്ച കത്തില്‍ ജുമാ മസ്ജിദിനെ കേന്ദ്ര സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കില്ലെന്ന് പറഞ്ഞിരുന്നു , ‘എ.എസ്.ഐ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

webdesk13: