ഫരീദാബാദ്:ജുനൈദിന് വേണ്ടി മൊഴി നല്‍കാന്‍ ആരും വന്നില്ല. പെരുന്നാള്‍ തലേന്ന് ബീഫ് തിന്നുന്നവന്‍ എന്ന് ആക്രോശിച്ച് ഓടുന്ന ട്രെയിനില്‍ 15 കാരനായ ജുനൈദിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ ദൃക്‌സാക്ഷികളാരും മൊഴി നല്‍കാനെത്തിയില്ല. അതേ സമയം ജുനൈദിനെ കുത്തിയ അക്രമിയെ തിരിച്ചറിയുന്നവര്‍ക്കുള്ള പ്രതിഫലം ഒരു ലക്ഷം രൂപയില്‍ നിന്നും രണ്ട് ലക്ഷം രൂപയായി ഹരിയാന പൊലീസ് ഉയര്‍ത്തി.
ജുനൈദിനെ കുത്തിയ അക്രമിയെ തിരിച്ചറിയാന്‍ സഹായിക്കുന്നയാളെ സംബന്ധിച്ച വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് ഹരിയാന റെയില്‍വേ പൊലീസിലെ ഡപ്യൂട്ടി സൂപ്രണ്ട് മോഹിന്ദര്‍ സിങ് വ്യക്തമാക്കി. ജൂണ്‍ 22നാണ് ഡല്‍ഹി- മധുര ട്രെയിനില്‍ വെച്ച് ജുനൈദ് കൊല്ലപ്പെട്ടത്. ജുനൈദിന്റെ കൂടെയുണ്ടായിരുന്ന രണ്ട് സഹോദരന്മാര്‍ക്കും ആക്രമത്തില്‍ പരിക്കേറ്റു.
അഞ്ച് പേരെയാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ജുനൈദിനെയും സഹോദരങ്ങളെയും മര്‍ദ്ദിച്ചെങ്കിലും തങ്ങളല്ല കത്തി ഉപയോഗിച്ച് കുത്തിയതെന്നാണ് ഇവരുടെ വാദം. ജുനൈദിന്റെ വസ്ത്രത്തില്‍ കണ്ട രക്തക്കറയുടെ സാമ്പിള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം അക്രമിയെ കുറിച്ചുള്ള സൂചന നല്‍കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. അഞ്ചടി പൊക്കം, ഒത്ത ശരീരം, ക്ലീന്‍ ഷേവ് എന്നിങ്ങനെ ജുനൈദിന്റെ സഹോദരങ്ങള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അക്രമിയുടെ രേഖാചിത്രം തയ്യാറാക്കും.