X

ജുഡീഷ്യറി ഇടപെടണം-വി.എം. സുധീരന്‍

ആധുനിക സമൂഹത്തെ അതിഗുരുതരമായി ബാധിക്കുന്ന മഹാ വിപത്തായ ലഹരിക്കെതിരെ ലോകജനതയെ അണിനിരത്തുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്രസഭ എല്ലാ വര്‍ഷവും ജൂണ്‍ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധദിനമായി ആചരിക്കുന്നതിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. മാനവികആരോഗ്യ പ്രതിസന്ധികള്‍ക്കിടയില്‍ ലഹരിവിപത്തുകളോടുള്ള പ്രതികരണം (Addressing Drug Challenges in Health and Humanitarian crisis) എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിന്റെ ചിന്താവിഷയം.

മാനവരാശിക്കു മേല്‍ മഹാഭീഷണിയായി മാറിയിട്ടുള്ള കോവിഡിനെ പോലെതന്നെയുള്ള മാരക വിപത്താണ് മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിപദാര്‍ത്ഥങ്ങള്‍. കോവിഡിനെ ചെറുക്കാന്‍ ഭരണകൂടങ്ങള്‍ ശക്തമായി പൊരുതുമ്പോള്‍ നിശബ്ദ കൊലയാളിയായ ലഹരിക്കെതിരായ പോരാട്ടങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാനാണ് ഭരണകര്‍ത്താക്കള്‍ പൊതുവേ ശ്രമിച്ചുവരുന്നത്. പേരിനു ചിലതെല്ലാം കാട്ടിക്കൂട്ടുന്നുവെന്ന് മാത്രം. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തോടൊപ്പം ലഹരിയില്‍ നിന്നുള്ള സ്വാതന്ത്ര്യവും കൂടി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയും മദ്യവര്‍ജനം ഒരു മഹാപ്രസ്ഥാനമായി വളര്‍ത്തിയെടുക്കുന്നതിന് നേതൃത്വം നല്‍കുകയും ചെയ്ത മഹാത്മജിയുടെ ഇന്ത്യയില്‍ പോലും സ്ഥിതിഗതികള്‍ മറിച്ചല്ല.

മദ്യം ഒരു അവശ്യവസ്തുവല്ലെന്നത് കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് (ഏപ്രില്‍-മെയ് 2020) തെളിയിക്കപ്പെട്ടതാണ്. ആ 64 ദിവസം അക്ഷരാര്‍ത്ഥത്തില്‍ കേരളത്തില്‍ മദ്യനിരോധനമായിരുന്നു. ആ ഇടവേളയില്‍ മദ്യശാലകള്‍ സമ്പൂര്‍ണ്ണമായി അടച്ചുപൂട്ടിയതിന്റെ ഫലമായി സംസ്ഥാനത്തുണ്ടായ ഗുണപരമായ മാറ്റങ്ങള്‍ ആര്‍ക്കും നിഷേധിക്കാനാകില്ല. ലോക്ക്ഡൗണ്‍ കാലയളവില്‍ കുറ്റകൃത്യങ്ങളില്‍വന്ന ഗണ്യമായ കുറവ് പോലീസിന്റെ സ്‌റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയില്‍ത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

മദ്യഉപയോഗം ഇല്ലാതായതിനെത്തുടര്‍ന്ന് അതില്‍പ്പെട്ടിരുന്നവരുടെ കുടുംബങ്ങള്‍ക്കുണ്ടായ സാമ്പത്തിക നേട്ടം ശ്രദ്ധേയമായിരുന്നു. 3978 കോടി രൂപയുടെ സാമ്പത്തിക നേട്ടം ഇത്തരം കുടുംബങ്ങള്‍ക്ക് ഉണ്ടായതായി ‘അഡിക് ഇന്ത്യ’യുടെ പഠനം വ്യക്തമാക്കുന്നുണ്ട്.മയക്കുമരുന്ന് കേസുകള്‍ 2020 വര്‍ഷത്തിലെ മാസ ശരാശരി 305.5 ആയിരുന്നുവെങ്കില്‍ ലോക്ക്ഡൗണ്‍ കാലത്ത് രണ്ടുമാസത്തെ ശരാശരി കേവലം 97.5 കേസുകളായി കുറഞ്ഞുവെന്നത് വളരെയേറെ ശ്രദ്ധേയമാണ്. സ്പിരിറ്റിന്റെ കാര്യത്തിലും ഈ വ്യത്യാസം കാണാവുന്നതാണ്.

2016ല്‍ ബഹു.പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ കേവലം 29 ബാറുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിപ്പോള്‍ 859 ആയി വര്‍ദ്ധിച്ചു. തുടര്‍ന്നും അനുവദിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തേ ഇതെല്ലാം എക്‌സൈസ് ഡിപ്പാര്‍ട്ടുമെന്റിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതൊന്നും ജനങ്ങള്‍ അറിയാവുന്ന നിലയില്‍ പുറത്തുവിടുന്നില്ല. രഹസ്യമായ അജണ്ടയുമായിട്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ബെവ്‌കോയുടെ 270, കണ്‍സ്യൂമര്‍ ഫെഡിന്റെ 36 നിരവധി ക്ലബ്ബുകളോടനുബന്ധിച്ചുള്ള മദ്യശാലകള്‍, നാലായിരത്തില്‍പ്പരം കള്ളുഷാപ്പുകള്‍ ഇതിനെല്ലാം പുറമെയാണ് ഇത്രയേറെ ബാറുകള്‍ അനുവദിച്ചിട്ടുള്ളത്. ഇതിനിടയില്‍ കോടതിവിധിയുടെ പേരുംപറഞ്ഞ് 175 മദ്യശാലകള്‍ തുടങ്ങാനുള്ള നീക്കങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയിരുന്നു. എന്നാല്‍ പുതിയ മദ്യശാലകള്‍ തുടങ്ങുന്നതിന് പര്യാപ്തമായ നിര്‍ദ്ദേശങ്ങളൊന്നും തന്റെ വിധിയില്‍ ഇല്ലെന്ന് ബഹു.ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍തന്നെ വ്യക്തമാക്കിയത് സര്‍ക്കാരിന് തിരിച്ചടിയായെങ്കിലും ഇപ്പോഴും ആ ശ്രമങ്ങളുമായി മൂന്നോട്ടുപോകുമെന്ന പ്രഖ്യാപനമാണ് പുതിയ മദ്യനയത്തിലുള്ളത്. 243 മദ്യശാലകള്‍ പുതുതായി ആരംഭിക്കാനാണ് പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

സര്‍ക്കാരിന്റെ മദ്യവ്യാപന നടപടികളെല്ലാം ഭരണഘടനയുടെ അന്തസത്തയ്ക്ക് വിരുദ്ധമാണ്. ഭരണഘടനയുടെ മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളുടെ 47ാം അനുച്ഛേദത്തിന്റെ നഗ്‌നമായ ലംഘനവുമാണ്. മദ്യക്കച്ചവടവും മദ്യഉപയോഗവും മൗലീകാവകാശമല്ലെന്നും മദ്യം അവശ്യവസ്തുവല്ലെന്നുമുള്ള സുപ്രീംകോടതി വിധിയ്ക്ക് വിരുദ്ധവുമാണ് സര്‍ക്കാര്‍ നടപടികള്‍. ഇതിനെല്ലാം പുറമെ ഇടതുപക്ഷ ജനാധിപത്യ മുന്നണി 2016ലും 2021ലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികകളില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെ തകിടം മറിക്കുന്നതുമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധമായ മദ്യ നയത്തെ ചോദ്യംചെയ്തുകൊണ്ട് ബഹു. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ യഥാസമയമുള്ള ഇടപെടല്‍ ബഹു. ഹൈക്കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല എന്നത് വലിയ നിരാശയാണ് എനിക്കുണ്ടാക്കിയത്.സംസ്ഥാന സര്‍ക്കാരിന്റെ 13/06/2017 ലെ പുതിയ മദ്യനയത്തിന്റെയടിസ്ഥാനത്തില്‍ ഭേദഗതി ചെയ്യപ്പെട്ട ലിക്വര്‍ റൂള്‍സ് (ജി.ഓ.(പി) നമ്പര്‍ 52/2017 ടിഡി ഡേറ്റഡ് 23/06/2017) ചോദ്യം ചെയ്തുകൊണ്ട് 30/06/2017ല്‍ ഞാന്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ ഇതേവരെ ബഹു ഹൈക്കോടതിയുടെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.

30/7/2017ല്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. 47 തവണയാണ് ഈ കേസ് മാറ്റിവയ്ക്കപ്പെട്ടത്. 2020-21 ലെ പുതുക്കിയ മദ്യ നയത്തെ കൂടി ചോദ്യം ചെയ്യുന്ന വിധത്തില്‍ എന്റെ റിട്ട് ഹര്‍ജിയില്‍ ഭേദഗതി വരുത്തണമെന്ന ഹര്‍ജി ഞാന്‍ 30/6/2020 ന് ഫയല്‍ ചെയ്യുകയുണ്ടായി. 2017 ജൂണ്‍ 30ന് സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ 5 വര്‍ഷമായിട്ടും തീരുമാനമാകാതെ ഇപ്പോഴും പെന്‍ഡിങ്ങില്‍ തന്നെയാണുള്ളതെന്നത് നിര്‍ഭാഗ്യകരമാണ്. ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന മദ്യനയം പോലൊരു അതീവ ഗൗരവമുള്ള പ്രശ്‌നത്തില്‍ ബഹു ഹൈക്കോടതിയുടെ സമീപനം അങ്ങേയറ്റം നിരാശാജനകമാണ്.

ഏറ്റവുമൊടുവില്‍ കേസ് വിശദമായി കേട്ടതിനു ശേഷം മറ്റൊരു ദിവസത്തേക്ക് പോസ്റ്റ് ചെയ്യുകയും പിന്നീട് ആ കേസ് പരിഗണനയ്ക്ക് എടുക്കാതിരിക്കുകയും ചെയ്യുന്നത് തികച്ചും അനുചിതമായ നടപടിയാണെന്ന് പറയേണ്ടിയിരിക്കുന്നു. പ്രസ്തുത കേസ് പരിഗണിക്കണമെന്നഭ്യര്‍ത്തിച്ചതിനു ശേഷവും മറ്റൊരു ദിവസം പോലും നിശ്ചയിക്കപ്പെട്ടില്ല എന്നതിന് യാതൊരു ന്യായീകരണവുമില്ല.

പുതിയ മദ്യനയം വന്നതിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത കേസ് വീണ്ടും പരിഗണിക്കണമെന്ന് അപേക്ഷ നല്‍കിയിട്ടും അനുകൂലമായ യാതൊരു നടപടിയും ബഹു.ഹൈക്കോടതിയുടെഭാഗത്തുനിന്നും ഉണ്ടായിട്ടില്ലയെന്നത് അതീവ ദുഖകരമാണ്.ഭരണകൂടങ്ങളുടെ തെറ്റായ നയങ്ങളെയും നടപടികളെയും തിരുത്തുന്നതിന് വേണ്ടി ജനങ്ങള്‍ അവസാനത്തെ ആശ്രയമായി സമീപിക്കുന്നത് ജുഡീഷ്യറി എന്ന മഹത്തായ ഭരണഘടനാ സംവിധാനത്തെയാണ്. ആ ജുഡീഷ്യല്‍ സംവിധാനത്തില്‍ യഥാസമയം കേസ് കേള്‍ക്കാനും സമയോചിതമായി തീരുമാനമെടുക്കാനും കഴിയുന്ന സാഹചര്യമില്ലെങ്കില്‍ നീതിക്ക് വേണ്ടി പൗരന്മാര്‍ ഇനി ആരെയാണ് സമീപിക്കേണ്ടത്? എന്താണ് ചെയ്യേണ്ടത്? ജനങ്ങളുടെ രക്ഷകരാകേണ്ടവരാണ് ഭരണാധികാരികള്‍. അവരുടെ തെറ്റായ നയങ്ങളെയും നടപടികളെയും അതാത് സമയത്ത് തിരുത്തുക എന്ന ഭരണഘടനാപരമായ ദൗത്യമാണ് ജുഡീഷ്യറിക്കുള്ളത്.

Chandrika Web: