X

ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാന്റ് കാലാവധി നീട്ടി

കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാന്റ് കാലാവധി ഈമാസം 20 വരെ നീട്ടി. റിമാന്റ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് രാവിലെ 11 മണിയോടെയാണ് ബിഷപ്പിനെ പാലാ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഉടന്‍തന്നെ ജഡ്ജി കേസ് വിളിച്ചു. എന്തെങ്കിലും പറയാനുണ്ടോയെന്ന് ജഡ്ജി ചോദിച്ചെങ്കിലും പരാതിയൊന്നുമില്ലെന്നായിരുന്നു ഫ്രാങ്കോയുടെ മറുപടി.

പൊലിസ് കസ്റ്റഡിയില്‍ ആവശ്യപ്പെടാതിരുന്ന സാഹചര്യത്തിലും പ്രതിഭാഗം ജാമ്യാപേക്ഷ നല്‍കാതിരുന്നതിനാലും റിമാന്റ് കാലാവധി 14 ദിവസംകൂടി നീട്ടുന്നതായി മജിസ്‌ട്രേറ്റ് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തുടര്‍ന്നു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഫ്രാങ്കോയെ പാലാ സബ് ജയിലിലേക്ക് മടക്കിക്കൊണ്ടുപോയി. 20ന് വീണ്ടും ഫ്രാങ്കോയെ കോടതിയില്‍ ഹാജരാക്കണം.

അതേസമയം, അടുത്തയാഴ്ച ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കുമെന്ന് പ്രതിഭാഗം അറിയിച്ചു. ഇതിനുള്ള തയ്യാറെടുപ്പുകള്‍ അഭിഭാഷകര്‍ തുടങ്ങിയിട്ടുണ്ട്. രണ്ടുദിവസത്തെ പൊലിസ് കസ്റ്റഡിക്ക് ശേഷം കഴിഞ്ഞ മാസം 24 നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്. ബിഷപ്പിനെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും നിരീക്ഷിച്ചാണ് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.

പ്രതി പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് പോലിസും കോടതിയില്‍ വാദിച്ചിരുന്നു. അതുകൊണ്ടുതന്നെ അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന വാദമാവും ഇനി പ്രതിഭാഗം കോടതിയില്‍ ഉയര്‍ത്തുക. അതിനിടെ, ബിഷപ്പിനെതിരേ പരാതി നല്‍കിയ കന്യാസ്ത്രീക്കൊപ്പമുള്ള സഹപ്രവര്‍ത്തകരുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസങ്ങളിലായി വിവിധ കോടതികള്‍ രേഖപ്പെടുത്തിയിരുന്നു. സാക്ഷികള്‍ കൂറുമാറുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് രഹസ്യമൊഴി രേഖപ്പെടുത്താനായി പോലിസ് കോടതിയെ സമീപിച്ചത്.

chandrika: