X

ജഡ്ജിമാര്‍ക്ക് രണ്ടു മടങ്ങ് ശമ്പള വര്‍ധന; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ ശമ്പളം രണ്ടു മടങ്ങ് വര്‍ധിപ്പിക്കാന്‍ തീരുമാനം. സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരുടെ ശമ്പളത്തിലാണ് ഇത്രയും വര്‍ധന. പാര്‍ലമെന്റ് പാസാക്കിയ ബില്ലിനു രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുമതി നല്‍കി. ഇതനുസരിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ഇനി 2.80 ലക്ഷം രൂപ ശമ്പളം ലഭിക്കും. നിലവില്‍ ഒരു ലക്ഷം രൂപയാണ് ശമ്പളം. പുതുക്കിയ ശമ്പളം 2016 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ലഭ്യമാകും. ഇക്കാലയളവില്‍ വിരമിച്ച ജഡ്ജിമാര്‍ക്കും ശമ്പള വര്‍ധനവിന്റെ ആനുകൂല്യം ലഭിക്കും.
സുപ്രീംകോടതി ജഡ്ജിമാര്‍ക്കും ഹൈക്കോടി ചീഫ് ജസ്റ്റിസുമാര്‍ക്കും 90,000 രൂപയില്‍ നിന്ന് ശമ്പളം 2.50 ലക്ഷമാകും. ഹൈക്കോടതി ജഡ്ജിമാര്‍ക്കു 80,000 രൂപയില്‍ നിന്ന് 2.25 ലക്ഷം രൂപയാക്കിയും ഉയര്‍ത്തി. ശമ്പളത്തിനു പുറമെ ഔദ്യോഗിക വസതി, കാര്‍, ഓഫീസ് ജീവനക്കാര്‍, മറ്റ് അലവന്‍സുകള്‍ എന്നിവയും ചീഫ് ജസ്റ്റിസിനു ലഭിക്കും. അതേസമയം, സുപ്രീംകോടതിയിലെ മറ്റ് ജഡ്ജിമാര്‍ക്കും ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാര്‍ക്കും കാബിനറ്റ് സെക്രട്ടറിമാര്‍ക്കു തുല്യമായ അലവന്‍സുകളും ആനുകൂല്യങ്ങളും നല്‍കും.

chandrika: