ന്യൂഡല്‍ഹി: സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ബി.എച്ച് ലോയയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് അദ്ദേഹത്തിന്റെ മകന്‍ അനുജ് ലോയ. ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കുടുംബത്തിന് യാതൊരു സംശയവും ഇല്ല, പക്ഷേ തങ്ങളെ ചിലര്‍ ഇരകളാക്കുകയും പീഡിപ്പിക്കുകയാണെന്നും അനുജ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം വ്യാപകമാവുകയും ഇതേ കുറിച്ചുള്ള ഹര്‍ജി താരതമ്യേന ജൂനിയറായ ജഡ്ജിയുടെ ബെഞ്ചിലേക്ക് മാറ്റിയതില്‍ പ്രതിഷേധമറിയിച്ച് നാലു സുപ്രീം കോടതി ജഡ്ജിമാര്‍ പത്ര സമ്മേളനം നടത്തുകയും ചെയ്തതിനു പിന്നാലെയാണ് ലോയയുടെ മകന്‍ പത്ര സമ്മേളനം നടത്തിയതെന്നതും ശ്രദ്ധേയമാണ്. തനിക്ക് പിതാവിന്റെ മരണത്തില്‍ യാതൊരു സംശയവുമില്ല. നേരത്തെ ഇതുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംശയങ്ങളെല്ലാം മാറിയെന്നും അനൂജ് ലോയ പറഞ്ഞു. ജസ്റ്റിസ് ലോയ മരിക്കുമ്പോള്‍ തനിക്ക് 17 വയസായിരുന്നു പ്രായം, അന്ന് വൈകാരികമായ മാനസികാവസ്ഥയിലായിരുന്നു. ഒന്നും മനസിലായിരുന്നില്ല അനൂജ് പറഞ്ഞു.
സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കുറ്റാരോപിതനായിരുന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായോട് നേരിട്ട് കോടതിയില്‍ ഹാജരാവാന്‍ വേണ്ടി ജസ്റ്റിസ് ലോയ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെ 2014 ഡിസംബര്‍ ഒന്നിന് നാഗ്പൂരില്‍ വെച്ച് ലോയ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. ലോയക്കു പിന്നാലെ കേസില്‍ വിചാരണ കേട്ട പ്രത്യേക സി.ബി.ഐ ജഡ്ജി അമിത് ഷാ, ഗുജറാത്ത് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരെ കേസില്‍ നിന്നും കുറ്റവിമുക്തരാക്കിയിരുന്നു.
അതേ സമയം ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന കുടുംബാംഗങ്ങളുടെ ആരോപണം കാരവന്‍ മാസിക പ്രസിദ്ധീകരിച്ചതോടു കൂടിയാണ് മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തിയത്. എന്നാല്‍ ജസ്റ്റിസ് ലോയയുടെ മരണത്തെ രാഷ്ട്രീയ വല്‍ക്കരിക്കുകയാണെന്നും തങ്ങളുടെ കുടുംബത്തില്‍ അസംതൃപ്തി വിതക്കാനും പീഡിപ്പിക്കാനുമാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് മകന്‍ അനൂജ് പറയുന്നു. കുടുംബാംഗങ്ങളെ പീഡിപ്പിക്കരുതെന്ന് സന്നദ്ധ സംഘടനകളോടും അഭിഭാഷകരോടും അഭ്യര്‍ത്ഥിക്കുന്നതായും അനൂജ് പറഞ്ഞു.