ന്യൂഡല്‍ഹി: തനിക്കെതിരെ ചോദ്യങ്ങള്‍ ഉന്നയിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആരാണ് അദ്ദേഹം? എന്തിനാണ് ഞാന്‍ അദ്ദേഹത്തിന് ഉത്തരം നല്‍കുന്നതെന്ന് രാഹുല്‍ ഗാന്ധി ചോദിക്കുന്നു. രാവിലെ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് നഡ്ഡ രാഹുലിനെതിരെ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നത്.
അരുണാചല്‍ പ്രദേശില്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ ഭൂമിയില്‍ ചൈന കെട്ടിടം നിര്‍മിക്കുന്നതായി പുറത്തുവന്ന റിപ്പോര്‍ട്ടിനെ അധികരിച്ച് രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. ഇതാണ് നഡ്ഡയെ പ്രകോപിതനാക്കിയത്. മാസത്തിലെ വെക്കേഷനുശേഷം രാഹുല്‍ ഗാന്ധി ഇപ്പോള്‍ തിരിച്ചുവന്നിരിക്കുകയാണ്. അദ്ദേഹത്തോട് ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ താന്‍ ആഗ്രഹിക്കുകയാണ്. ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ അതിനു മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നഡ്ഡ പറഞ്ഞിരുന്നു. ചൈന വിഷയം മുതല്‍ കൊറോണ വൈറസ് വരെയുള്ള കാര്യങ്ങളിലാണ് നഡ്ഡ മറുപടി ചോദിച്ചത്.
എന്നാല്‍ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി അദ്ദേഹത്തിനെതിരെ ആഞ്ഞടിച്ചു. ഉത്തരം നല്‍കാന്‍ ആരാണ് അദ്ദേഹം? എന്റെ അധ്യാപകനാണോ? രാജ്യത്തിന് ഞാന്‍ മറുപടി നല്‍കുമെന്നും രാഹുല്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ വംശവും കോണ്‍ഗ്രസും ചൈനയെപ്പറ്റി നുണ പറയുന്നത് എപ്പോള്‍ അവസാനിപ്പിക്കും? അദ്ദേഹം പരാമര്‍ശിക്കുന്ന അരുണാചല്‍ പ്രദേശ് ഉള്‍പ്പെടെ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ ചൈനക്കാര്‍ക്ക് പണ്ഡിറ്റ് നെഹ്‌റു അല്ലാതെ മറ്റാരും സമ്മാനിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന് നിഷേധിക്കാമോ? എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ചൈനയ്ക്ക് കീഴടങ്ങുന്നത്? – നഡ്ഡ ചോദിച്ചു.