ചണ്ഡിഗഡ് : കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തിനിടെ മരിച്ചവരെക്കുറിച്ചു വിവാദ പ്രസ്താവനയുമായി ഹരിയാന കൃഷിമന്ത്രി ജെ.പി.ദലാല്‍. അവര്‍ വീട്ടിലായിരുന്നെങ്കിലും മരിക്കുമായിരുന്നില്ലേ എന്നായിരുന്നു ദലാലിന്റെ പ്രസ്താവന. വിവാദമായതോടെ അദ്ദേഹം പിന്നീടു ക്ഷമ ചോദിച്ചു.
ഡല്‍ഹി അതിര്‍ത്തിയിലെ സമരത്തിനിടെ 200 കര്‍ഷകര്‍ മരിച്ചതിനെപ്പറ്റിയുള്ള ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. ‘അവര്‍ വീട്ടിലായിരുന്നെങ്കിലും മരിക്കുമായിരുന്നില്ലേ? ഒന്നു മുതല്‍ രണ്ടു ലക്ഷം വരെയുള്ള ആളുകളില്‍ 200 പേര്‍ ആറു മാസത്തിനുള്ളില്‍ മരിക്കില്ലേ? ഒരാള്‍ ഹൃദയാഘാതം മൂലം മരിക്കുന്നു, മറ്റൊരാള്‍ അസുഖം ബാധിച്ചും. അവരോട് എനിക്ക് അഗാധമായ സഹതാപമുണ്ട്’ ചിരിച്ചുകൊണ്ടു ദലാല്‍ പറഞ്ഞു.
കേന്ദ്രത്തിന്റെ മൂന്നു കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി നവംബര്‍ മുതല്‍ ഡല്‍ഹി അതിര്‍ത്തികളില്‍ പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള ആയിരക്കണക്കിനു കര്‍ഷകരാണു സമരം ചെയ്യുന്നത്. അതിശൈത്യത്തില്‍ മാസങ്ങളായി സമരമിരിക്കുന്നവരില്‍ നിരവധി കര്‍ഷകര്‍ ഹൃദയാഘാതം ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ മരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണു മന്ത്രിയുടെ അഭിപ്രായ പ്രകടനം. പ്രസ്താവന വളരെ വേഗം വിവാദമായി. നിര്‍വികാരനായ ഒരാള്‍ക്കു മാത്രമെ ഇങ്ങനെ പറയാനാകൂയെന്നു കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല വിമര്‍ശിച്ചു.